പോഗ്ബക്ക് പിഎസ്ജിയിലേക്ക് ചേക്കേറണം, പണി തുടങ്ങി പിഎസ്ജി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരങ്ങളെ സ്വന്തമാക്കുന്നതിന്റെ തിരക്കിലാണ് പിഎസ്ജി. വൈനാൾഡത്തെയും അഷ്‌റഫ്‌ ഹാക്കിമിയെയും റാമോസിനേയും ഔദ്യോഗികമായി തന്നെ പിഎസ്ജി ഇപ്പോൾ ടീമിലെത്തിച്ചു കഴിഞ്ഞു. ഇനി ഡോണ്ണരുമയെയും ഉടനെ തന്നെ ഒഫീഷ്യൽ ആയി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. പക്ഷേ ഇതുകൊണ്ടൊന്നും പിഎസ്ജി അവസാനിപ്പിക്കുന്നില്ല. ക്ലബ്ബിന്റെ ഏറ്റവും പുതിയ ലക്ഷ്യം എന്നുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്‌ഫീൽഡറായ പോൾ പോഗ്ബയാണ്. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക് ഏറെ താല്പര്യമുള്ള വ്യക്തിയാണ് പോൾ പോഗ്ബ. അത്‌ മാത്രമല്ല പോഗ്ബയും പിഎസ്ജിയിലേക്ക് ചേക്കേറാനുള്ള താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതോടെയാണ് പിഎസ്ജി താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്.

ഈ യൂറോ കപ്പിൽ ഫ്രഞ്ച് ടീമിന്റെ പ്രകടനം മോശമായിരുന്നുവെങ്കിലും പോഗ്ബ മികച്ച രൂപത്തിൽ കളിച്ചിരുന്നു. അത്‌ തന്നെയാണ് പിഎസ്ജിയുടെ താല്പര്യം വർധിക്കാനുള്ള പ്രധാന കാരണവും. നിലവിൽ പോഗ്ബക്ക് യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ കൂടി അവശേഷിക്കുന്നുണ്ട്. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ആഗ്രഹം താരം ക്ലബ്ബിനോട് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുണൈറ്റഡ് ഇതിന് തടസ്സം നിൽക്കാൻ സാധ്യതയില്ലായെന്നും റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നുണ്ട്.എന്തെന്നാൽ 2022-ൽ പോഗ്ബ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിട്ടാൽ അത്‌ യുണൈറ്റഡിന് സാമ്പത്തികപരമായി നഷ്ടമുണ്ടാക്കും. അത്കൊണ്ട് തന്നെ പിഎസ്ജിയെ കേൾക്കാൻ യുണൈറ്റഡ് തയ്യാറായേക്കും. മാത്രമല്ല പോഗ്ബയുടെ ഏജന്റായ മിനോ റയോളയുമായി വളരെ അടുത്ത ബന്ധമാണ് പിഎസ്ജിക്കുള്ളത്. ഇതും പിഎസ്ജിക്ക് തുണയായെക്കും. ഏതായാലും ഈ ട്രാൻസ്ഫർ റൂമർ ഏത് രൂപത്തിൽ പുരോഗമിക്കുമെന്നുള്ളത് കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *