പിഴച്ചതെവിടെ? വ്യക്തമാക്കി മാർക്കിഞ്ഞോസ്!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജിയെ റെന്നസ് പരാജയപ്പെടുത്തിയത്. ഈ സീസണിൽ പിഎസ്ജി വഴങ്ങുന്ന ആദ്യത്തെ തോൽവിയാണിത്. സൂപ്പർ താരനിരയെ ഇറക്കിയിട്ടും തോൽവി വഴങ്ങിയതോടെ പിഎസ്ജിക്ക്‌ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഏതായാലും ഈ തോൽവിയെ കുറിച്ചുള്ള തന്റെ പ്രതികരണമിപ്പോൾ നായകൻ മാർക്കിഞ്ഞോസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവസരങ്ങൾ തുലച്ചതും കാര്യക്ഷമത ഇല്ലാത്തതുമാണ് തോൽവിക്ക്‌ കാരണമായത് എന്നാണ് മാർക്കിഞ്ഞോസ് അഭിപ്രായപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മത്സരത്തിന്റെ ഒട്ടേറെ മേഖലകളിൽ ഞങ്ങൾക്ക്‌ പിഴച്ചു.ഒരുപാട് എനർജിയോടെയാണ് അവർ മത്സരത്തിന്റെ തുടക്കം മുതലേ കളിച്ചു തുടങ്ങിയത്.അവരുടെ മൈതാനത്തിന്റെ ആനുകൂല്യം അവർ മുതലെടുത്തു.പക്ഷേ അവരുടെ ആദ്യത്തെ ആക്രമണങ്ങളെ പിടിച്ചു കെട്ടാൻ ഞങ്ങൾക്ക്‌ കഴിഞ്ഞു.ആദ്യപകുതിയിൽ ഞങ്ങളായിരുന്നു മികച്ചത്.ഒരുപാട് ഗോൾ അവസരങ്ങൾ ഞങ്ങൾക്ക്‌ ലഭിച്ചു. എന്നാൽ അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.ചുരുങ്ങിയത് രണ്ട് ഗോളെങ്കിലും ഞങ്ങൾക്ക്‌ ആദ്യപകുതിയിൽ നേടാമായിരുന്നു.പക്ഷേ നിർണായക സമയങ്ങളിൽ ഞങ്ങൾ ഗോളുകൾ വഴങ്ങി. അത്തരം സന്ദർഭങ്ങളിൽ ശ്രദ്ധ പുലർത്തണമായിരുന്നു.മത്സരത്തിൽ ഞങ്ങൾക്ക്‌ കാര്യക്ഷമത ഇല്ലായിരുന്നു എന്നുള്ളത് മറ്റൊരു കാരണമാണ് ” മാർക്കിഞ്ഞോസ് പറഞ്ഞു.

ഏതായാലും ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് പിഎസ്ജി ഇനി കളത്തിലേക്ക് എത്തുക.

Leave a Reply

Your email address will not be published. Required fields are marked *