പിഎസ്ജി വിടാൻ ആഗ്രഹമില്ല, വികാരഭരിതനായി തിയാഗോ സിൽവ!

പിഎസ്ജി വിട്ടു പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും എന്നാൽ ഇതാണ് യഥാർത്ഥ സമയമെന്ന് തോന്നുന്നുവെന്നും പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം തിയാഗോ സിൽവ. ടീം വിടാനുള്ള തീരുമാനം തന്റേത് അല്ലെന്നും അത് ക്ലബിന്റേത് ആണെന്നും എന്നാൽ അവരുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും തിയാഗോ സിൽവ കൂട്ടിച്ചേർത്തു. ഇന്ന് നടക്കുന്ന കോപ്പ ഡി ഫ്രാൻസ് ഫൈനലിൽ സൈന്റ് എറ്റിനിയെ നേരിടുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സിൽവ ക്ലബ് വിടാൻ ആഗ്രഹമില്ലെന്ന് വികാരഭരിതനായി തുറന്നു പറഞ്ഞത്. എട്ട് വർഷക്കാലം പിഎസ്ജിയുടെ വിശ്വസ്തനായ കാവൽഭടനായി നിലകൊണ്ട ശേഷം ഈ വർഷം താരം പടിയിറങ്ങുമെന്ന് ക്ലബ് അറിയിച്ചിരുന്നു. മുപ്പത്തിയഞ്ചുകാരനായ താരത്തിന്റെ കരാർ പുതുക്കാൻ താല്പര്യമില്ലെന്ന് പിഎസ്ജി അറിയിക്കുകയായിരുന്നു. 2012-ൽ മിലാനിൽ നിന്ന് എത്തിയ സിൽവ മുന്നൂറോളം മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്. അതേസമയം താരം ക്ലബ് വിടുന്നതിൽ പരിശീലകൻ ടഷെലും പ്രതികരണമറിയിച്ചു. അദ്ദേഹത്തിന്റെ വിഷമം തങ്ങൾക്ക് മനസ്സിലാവുമെന്നും എന്നാൽ ഇതാണ് യഥാർത്ഥ സമയമെന്നും ഇപ്പോൾ ഇനിയുള്ള ഫൈനലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നുമാണ് അദ്ദേഹം അറിയിച്ചത്.

” എന്നെ സംബന്ധിച്ചെടുത്തോളം ഇതൊരു സവിശേഷമായ നിമിഷമാണ്. ആരാധകർ എപ്പോഴും ഞങ്ങൾക്ക് ഒരുപാട് ബഹുമാനം തന്നിരുന്നു. അവർ എന്നോട് ഇവിടെ തുടരാൻ ആവിശ്യപ്പെട്ടിരുന്നു. പക്ഷെ ഇതെന്റെ തീരുമാനമല്ല. ആ വിഷയത്തെ കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇതെന്ന് തോന്നുന്നു. ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാം. സത്യത്തിൽ എനിക്ക് ക്ലബ് വിടണം എന്നില്ല. പക്ഷെ തീരുമാനം ആദ്യമേ എടുത്തു കഴിഞ്ഞിട്ടുണ്ട്. ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. അവസാനം വരെയും ഞാൻ ബഹുമാനിക്കുക തന്നെ ചെയ്യും. എന്റെ ഭാവിയെ പറ്റി കൂടുതൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ല. എന്റെ ടീം വിടലിനെ കുറിച്ച് ലിയനാർഡോ (പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ) മുൻപ് സംസാരിച്ചതാണ്. അതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ അതിനെ കുറിച്ച് സംസാരിക്കാനുള്ള യഥാർത്ഥ സമയമല്ല ഇത് ” തിയാഗോ സിൽവ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *