പിഎസ്ജി പുറത്താക്കിയതിന് പിന്നാലെ സന്ദേശവുമായി പോച്ചെട്ടിനോ!

ഇന്നലെയായിരുന്നു പിഎസ്ജി തങ്ങളുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തത്. ഒരു വർഷത്തെ കരാർ ഇനിയും അവശേഷിക്കെയാണ് പിഎസ്ജി പോച്ചെട്ടിനോയെ പുറത്താക്കിയത്. തുടർന്ന് പുതിയ പരിശീലകനായി കൊണ്ട് ക്രിസ്റ്റഫെ ഗാൾട്ടിയറെ പിഎസ്ജി നിയമിക്കുകയും ചെയ്തിരുന്നു.

ഏതായാലും തന്റെ സ്ഥാനം തെറിച്ചതിന് പിന്നാലെ പോച്ചെട്ടിനോ ക്ലബ്ബിനും ആരാധകർക്കും സന്ദേശം നൽകിയിട്ടുണ്ട്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള വിടവാങ്ങൽ സന്ദേശമാണ് പോച്ചെട്ടിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പിഎസ്ജിയുടെ ഉടമസ്ഥർക്കും ബോർഡിനും താരങ്ങൾക്കും സ്റ്റാഫിനും ആരാധകർക്കുമൊക്കെ ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.പിഎസ്ജി കുടുംബത്തിന്റെ ഭാഗമാവാൻ ഒരിക്കൽ കൂടി എനിക്ക് അവസരം നൽകിയ നാസർ അൽ ഖലീഫിക്ക് ഞാൻ നന്ദി പറയുന്നു.ചില സുന്ദരമായ നിമിഷങ്ങളും വിജയങ്ങളും നമ്മൾ ഒരുമിച്ച് ആസ്വദിച്ചിട്ടുണ്ട്. ഞങ്ങൾ എപ്പോഴും ഭാവിയിലെ മുന്നേറ്റത്തിന് വേണ്ടി പഠിക്കുകയായിരുന്നു. ലീഗ് വൺ കിരീടം നേടാൻ സാധിച്ചതിൽ എനിക്കൊരുപാട് അഭിമാനം തോന്നുന്നുണ്ട്.ഒരു താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഈ ക്ലബ്ബ് എന്നെ സംബന്ധിച്ചിടത്തോളം വലുതാണ് ” ഇതാണ് പോച്ചെട്ടിനോ കുറിച്ചിട്ടുള്ളത്.

ഏതായാലും ഇനി പോച്ചെട്ടിനോ എങ്ങോട്ട് ചേക്കേറുമെന്നുള്ളത് വ്യക്തമായിട്ടില്ല. പക്ഷേ അദ്ദേഹം പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *