പിഎസ്ജി കരിയറിന് ശേഷം എവിടേക്ക്? മെസ്സിയുടെ പദ്ധതികൾ ഇങ്ങനെ!

തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയോട് വിടപറഞ്ഞു കൊണ്ട് പിഎസ്ജിയിൽ എത്തിച്ചേർന്നത്. രണ്ട് വർഷത്തെ കരാറിലാണ് ഫ്രീ ഏജന്റായ മെസ്സി ഒപ്പ് വെച്ചത്. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷൻ കൂടിയുണ്ട്. 34-കാരനായ മെസ്സി ഇതുവരെ പിഎസ്ജി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.

അതേസമയം പിഎസ്ജി കരിയറിന് ശേഷം മെസ്സിയുടെ പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. മുൻ ഇംഗ്ലീഷ് ഇതിഹാസവും എംഎൽഎസ്സിലെ ഇന്റർ മിയാമിയുടെ ഉടമയുമായ ഡേവിഡ് ബെക്കാം മെസ്സിയെ ബന്ധപ്പെട്ടു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. 2023-ൽ മെസ്സിയുടെ പിഎസ്ജിയിലെ കരാർ അവസാനിച്ചതിന് ശേഷം താരത്തെ ഇന്റർ മിയാമിയിലേക്ക് കൊണ്ടു വരാൻ ബെക്കാം ആഗ്രഹിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനാണ് ബെക്കാം മെസ്സിയെ സമീപിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിററാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

അത് മാത്രമല്ല, ഈയിടെ മെസ്സി മിയാമിയിൽ ആറ് ആഡംബര അപ്പാർട്ട്മെന്റുകൾ വാങ്ങിയത് ഈ റൂമറുകൾക്ക്‌ ശക്തി പകരുന്നുണ്ട്. പലപ്പോഴും അവധി ആഘോഷിക്കാൻ വേണ്ടി മെസ്സിയും കുടുംബവും എത്തുന്ന സ്ഥലമാണ് മിയാമി. അത് മാത്രമല്ല, മുമ്പ് എംഎൽഎസ്സിൽ കളിക്കാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം ഒരു ഇന്റർവ്യൂവിൽ മെസ്സി തുറന്ന് പറഞ്ഞിരുന്നു. ഇതൊക്കെ ചേർത്തു വായിക്കുമ്പോൾ മെസ്സി പിഎസ്ജി കരിയറിന് ശേഷം ഇന്റർ മിയാമിയിൽ എത്താനുള്ള സാധ്യതകൾ വർധിച്ചു വരികയാണ്.

ഏതായാലും മെസ്സിയെ എത്തിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ഡേവിഡ് ബെക്കാമുള്ളത്. മെസ്സി ഇന്റർ മിയാമിയിൽ എത്തിയാൽ എംഎൽഎസ്സിന്റെ മുഖം തന്നെ മാറുമെന്നുള്ള കാര്യത്തിൽ സംശയമില്ല!

Leave a Reply

Your email address will not be published. Required fields are marked *