പിഎസ്ജി എല്ലായിപ്പോഴും എന്റെ വഴികളിലുണ്ടായിരുന്നു,നവാസുമായി പ്രശ്നമില്ല : ഡോണ്ണാരുമ

ഈ സീസണിലായിരുന്നു ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ എസി മിലാൻ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് എത്തിയത്.മിലാന്റെ ആരാധകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു ഇത്.അതേസമയം പിഎസ്ജിയിൽ കെയ്‌ലർ നവാസ് ഉള്ളത് കൊണ്ട് താരത്തിന് സ്ഥിരസാന്നിധ്യമാവാനും കഴിഞ്ഞിട്ടില്ല.

ഏതായാലും കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോട്ടിന് നൽകിയ അഭിമുഖത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് ഡോണ്ണാരുമ സംസാരിച്ചിരുന്നു.എസി മിലാൻ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് എത്താനുണ്ടായ സാഹചര്യം താരം വിശദീകരിച്ചിട്ടുണ്ട്.കൂടാതെ കെയ്‌ലർ നവാസുമായി പ്രശ്നങ്ങളില്ലെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.ഡോണ്ണാരുമയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് വർഷങ്ങൾക്കുശേഷം മിലാനുമായി പിരിയുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. ഒരു താരമായും വ്യക്തിയായും ഞാൻ വളർന്നത് മിലാനിൽ വെച്ചാണ്.ക്ലബ്ബിനോടും ആരാധകരോടും എനിക്ക് നന്ദി മാത്രമേ പറയാനുള്ളൂ.എന്റെ വീട് പോലെയായിരുന്നു മിലാൻ.പക്ഷെ കാര്യങ്ങൾ ചില സമയങ്ങളിൽ കുഴഞ്ഞു മറിയും.പലരും നിങ്ങളെ കുറ്റപ്പെടുത്തും.ഒരു ദിവസം ക്ലബ്‌ എന്നോട് വിളിച്ചു പറഞ്ഞു പുതിയ ഗോൾ കീപ്പറെ കൊണ്ടുവരാൻ പോവുകയാണെന്ന്.അതോട് കൂടിയാണ് മിലാനുമായുള്ള ബന്ധം അവസാനിച്ചത് ” ഇതാണ് മിലാൻ വിട്ടതിനെ കുറിച്ച് ഡോണ്ണാരുമ പറഞ്ഞത്.

അതേസമയം പിഎസ്ജിയെ കുറിച്ചുള്ള ചോദ്യത്തിന് ഡോണ്ണാരുമയുടെ മറുപടി ഇങ്ങനെയാണ്. ” ഞാൻ എപ്പോഴും പിഎസ്ജിയിലേക്കെത്താൻ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവർ എന്നെ പിന്തുടരുകയും ചെയ്തിരുന്നു.ലിയനാർഡോയും ഖലീഫിയും എന്നെ ആഗ്രഹിച്ചിരുന്നു.അവർ ഞാനുമായി നല്ല ബന്ധം വെച്ചുപുലർത്തി.പിഎസ്ജിയിൽ എത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനും അഭിമാനം കൊള്ളുന്നവനുമാണ്. സഹതാരമായ കെയ്‌ലർ നവാസുമായി എനിക്കൊരു പ്രശ്നവുമില്ല, മറിച്ച് നല്ല ബന്ധമാണ്.എനിക്ക് കോമ്പിറ്റീഷൻ ഇഷ്ടമാണ്.ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടനം പിഎസ്ജിക്ക് വേണ്ടി പുറത്തെടുക്കും ” ഇതാണ് ഡോണ്ണാരുമ പറഞ്ഞിട്ടുള്ളത്.

ലീഗ് വണ്ണിൽ 10 മത്സരങ്ങളാണ് ഡോണ്ണാരുമ ഈ സീസണിൽ കളിച്ചിട്ടുള്ളത്.4 ക്ലീൻ ഷീറ്റുകൾ താരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *