പിഎസ്ജി അഴിച്ചു പണിയാൻ പോച്ചെട്ടിനോ, ജാഗ്രതയോടെ റയലും ബാഴ്സയും !

പിഎസ്ജിയുടെ പരിശീലകനായി മൗറിസിയോ പോച്ചെട്ടിനോ എത്തിയതോടെ ക്ലബ് ഒന്ന് കൂടെ ശക്തിപ്പെടുകയാണ് ചെയ്തത്. ചാമ്പ്യൻസ് ലീഗിലെ നിലവിലെ ഫൈനലിസ്റ്റുകളായ പിഎസ്ജി തങ്ങളുടെ സ്‌ക്വാഡിനെ ഇനിയും ശക്തിപ്പെടുത്താനാണ് തീരുമാനം. അതിന്റെ ആദ്യപടിയെന്നോണമാണ് ലിയനാർഡോ പോച്ചെട്ടിനോയെ പിഎസ്ജിയിൽ എത്തിച്ചത്. ഇനിയുള്ളത് രണ്ട് ലക്ഷ്യങ്ങളാണ്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറെയും കിലിയൻ എംബാപ്പെയെയും പിഎസ്ജിയിൽ തന്നെ പിടിച്ചു നിർത്തുക എന്നുള്ളത്. ഇരുവരുടെയും കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി ആരംഭിച്ചിട്ടുണ്ട്. പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം നെയ്മറുടെ കരാർ പുതുക്കുന്നതിനാണ് പിഎസ്ജി മുൻഗണന നൽകുന്നത്. എന്നിരുന്നാലും എംബാപ്പെയെയും പിഎസ്ജി നിലനിർത്താൻ പരമാവധി ശ്രമിക്കും. യഥാർത്ഥത്തിൽ ഈ തീരുമാനം തിരിച്ചടി ഏല്പിച്ചത് റയൽ മാഡ്രിഡിനും ബാഴ്‌സക്കുമാണ്. എന്തെന്നാൽ എംബാപ്പെയെ ടീമിലെത്തിക്കാൻ കൂടുതൽ ശ്രമിക്കുന്ന ക്ലബ് റയൽ മാഡ്രിഡും നെയ്മറെ തിരികെ എത്തിക്കാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന ക്ലബ് ബാഴ്സയുമാണ്.

ഈ ഇരു ക്ലബുകളും അതിലേറെ ജാഗ്രത പുലർത്തിയിരിക്കുന്നത് തങ്ങളുടെ സൂപ്പർ താരങ്ങളുടെ കാര്യത്തിലാണ്. ബാഴ്‌സ സൂപ്പർ താരം മെസ്സിയുടെ കരാർ ഈ സമ്മറിൽ അവസാനിക്കും. താരത്തെ ടീമിൽ എത്തിക്കാൻ എന്ത് ശ്രമവും പിഎസ്ജി നടത്തുമെന്നുറപ്പാണ്.മെസ്സിയെ കൊണ്ട് വരാൻ സാധിച്ചാൽ നെയ്മറും ക്ലബ്ബിൽ തന്നെയുണ്ടാവും. അതേസമയം റയൽ മാഡ്രിഡ്‌ സൂപ്പർ താരമായ സെർജിയോ റാമോസിന്റെ കാര്യത്തിലും സമാനസ്ഥിതിയാണ്. താരത്തിന്റെ കരാറും ഈ സമ്മറിൽ അവസാനിക്കും. റാമോസും പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന് കനത്ത അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആകെയുള്ള സംശയം ഈ സൂപ്പർ താരങ്ങളുടെയെല്ലാം സാലറി പിഎസ്ജിക്ക് താങ്ങാൻ കഴിയുമോ എന്നുള്ളതാണ്. ഏതായാലും എന്താണ് സംഭവിക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *