പിഎസ്ജിയെ തിരഞ്ഞെടുക്കാൻ കാരണം പണമല്ല, വ്യക്തമാക്കി വൈനാൾഡം!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലിവർപൂളിന്റെ ഡച്ച് താരമായ വൈനാൾഡം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിൽ എത്തിയത്. താരം ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് എഫ്സി ബാഴ്സലോണയിലേക്കായിരുന്നു. എന്നാൽ പിഎസ്ജി താരത്തെ അതിവിദഗ്ദമായി റാഞ്ചുകയായിരുന്നു. ഇതോടെ വൈനാൾഡത്തിന് ചില വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പിഎസ്ജി വാഗ്ദാനം ചെയ്ത വമ്പൻ സാലറി കണ്ടാണ് വൈനാൾഡം പിഎസ്ജിയിലേക്ക് ചേക്കേറിയത് എന്നായിരുന്നു പ്രധാനവിമർശനം. എന്നാൽ ഇത്‌ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് താരം. പിഎസ്ജിയിൽ എത്താൻ കാരണം പണമല്ലെന്നും മറിച്ച് പരിശീലകൻ പോച്ചെട്ടിനോയുടെ പ്രൊജക്റ്റ്‌ ആണെന്നുമാണ് വൈനാൾഡം അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ആർഎംസി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു താരം.

” തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ചോയിസായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്.എന്റെ ചെറുപ്രായത്തിൽ തന്നെ ഞാൻ ബാഴ്‌സയുടെ ആരാധകനായിരുന്നു.ഞങ്ങൾ തമ്മിൽ നല്ല രൂപത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. അതേസമയം തന്നെ ഞാൻ മറ്റു പല ക്ലബുകളുമായും ചർച്ചകൾ നടത്തിയിരുന്നു.യഥാർത്ഥത്തിൽ ബാഴ്‌സക്ക്‌ മുന്നേ തന്നെ പിഎസ്ജി എന്നെ സമീപിച്ചിരുന്നു.അന്ന് ഞങ്ങൾ വെറുതെ സംസാരിച്ചിരുന്നു.പക്ഷേ ബാഴ്‌സ രംഗത്ത് വന്നതിന് ശേഷം പിഎസ്ജി വീണ്ടും എന്നെ സമീപിച്ചു.

ലിയനാർഡോയുമായും പോച്ചെട്ടിനോയുമായും ഞാൻ സംസാരിച്ചു.പോച്ചെട്ടിനോയുമായി എനിക്ക് നല്ല ബന്ധമായിരുന്നു എന്ന് മാത്രമല്ല എന്നെ റിക്രൂട്ട് ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു.അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെയൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹം തോന്നി.അദ്ദേഹത്തിന്റെ പ്രൊജക്റ്റ് മികച്ചതായിരുന്നു. ഫ്രാൻസിനെക്കാളുപരി യൂറോപ്പിനെയാണ് ലക്ഷ്യം വെച്ചിരുന്നത്. അത്കൊണ്ട് തന്നെ എനിക്ക് താല്പര്യം വർധിച്ചു. ചർച്ചകൾ വേഗത്തിലാക്കി കൊണ്ട് ഞാൻ കരാറിൽ ഒപ്പ് വെച്ചു.അല്ലാതെ കൂടുതൽ പണം ഉണ്ടാക്കാൻ വേണ്ടിയല്ല ഞാൻ ഇവിടെ എത്തിയത്.എന്തെന്നാൽ വലിയ വിത്യാസമൊന്നും പണത്തിന്റെ കാര്യത്തിൽ ഇവിടെയില്ല. അത്കൊണ്ട് തന്നെ പണത്തിന് വേണ്ടിയാണ് ഞാൻ പിഎസ്ജിയിൽ എത്തിയത് എന്നുള്ള ആരോപണം ഞാൻ നിഷേധിക്കുന്നു ” വൈനാൾഡം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *