പിഎസ്ജിയുടെ പുതിയ പരിശീലകൻ ആരാവും? സൂചനകളുമായി FFF പ്രസിഡന്റ്!

ഈ സീസണിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി മോശം പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത് എന്നുള്ളത് യാഥാർഥ്യമായ ഒരു കാര്യമാണ്. നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും വലിയ ചലനമുണ്ടാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ക്ലബ്ബുള്ളത്.

ഏതായാലും പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്ക് എത്താൻ സാധ്യത കൽപ്പിക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് സിനദിൻ സിദാൻ. അദ്ദേഹം പിഎസ്ജിയുടെ പുതിയ പരിശീലകനായേക്കുമെന്നുള്ള സൂചനകൾ ഇപ്പോൾ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ നോയൽ ലെ ഗ്രാറ്റ് നൽകിയിട്ടുണ്ട്.ഫ്രാൻസിന്റെ പരിശീലകനായ ദെഷാപ്സ് സ്ഥാനമൊഴിഞ്ഞാൽ സിദാനെ പരിഗണിക്കുമോ എന്നായിരുന്നു ഇദ്ദേഹത്തോട് ചോദിച്ചത്.സിദാൻ പിഎസ്ജിയെ ഏറ്റെടുത്തേക്കാം എന്നാണ് ഇതിന് മറുപടിയായി കൊണ്ട് അദ്ദേഹം പറഞ്ഞത്.FFF പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ എപ്പോഴും നിങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. അത്ഭുതകരമായ ക്വാളിറ്റികൾ തനിക്കുണ്ട് എന്നുള്ളത് സിദാൻ റയലിൽ വെച്ച് തെളിയിച്ചതാണ്. ഒരുപക്ഷേ ഭാവിയിൽ ദെഷാപ്സിന്റെ പിൻഗാമിയായി കൊണ്ട് സിദാൻ വന്നേക്കാം. പക്ഷേ നിലവിൽ എന്റെ ലക്ഷ്യം അതല്ല. എന്താണ് സംഭവിക്കുക എന്നുള്ളത് കാത്തിരുന്നു കാണാം.ദെഷാപ്സും ഫ്രാൻസും വഴിപിരിയുകയാണെങ്കിൽ തീർച്ചയായും സിദാൻ ഒരു ഓപ്ഷനായിരിക്കും. എന്നാൽ അദ്ദേഹം ഒരുപക്ഷേ പിഎസ്ജിയെ ഏറ്റെടുത്തേക്കാം. നിങ്ങൾ ഫ്രാൻസിന്റെ പരിശീലകൻ ആണെങ്കിൽ എപ്പോഴും ഫ്രീയായിരിക്കണം. പക്ഷേ നിലവിൽ വേൾഡ് കപ്പിന് ദെഷാപ്സിന് വേണ്ടി എല്ലാം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞങ്ങളുള്ളത് ” ഇതാണ് FFF പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഇതുവരെ റയലിനെ മാത്രമാണ് സിദാൻ പരിശീലിപ്പിച്ചിട്ടുള്ളത്. റയലിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *