പിഎസ്ജിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫൻഡറാണ് മാർക്കിഞ്ഞോസ് :ഫുട്ബോൾ പണ്ഡിറ്റ്
കഴിഞ്ഞ ഒളിമ്പിക് ലിയോണിനെതിരെയുള്ള മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങിയിരുന്നു. എന്നാൽ ആ മത്സരത്തിൽ പിഎസ്ജി കൂടുതൽ ഗോളുകൾ വഴങ്ങാത്തതിന്റെ കാരണങ്ങളിലൊന്ന് ഡിഫൻഡറായ മാർക്കിഞ്ഞോസാണ്.മികച്ച പ്രകടനമായിരുന്നു മാർക്കിഞ്ഞോസ് ആ മത്സരത്തിൽ കാഴ്ച്ചവെച്ചിരുന്നത്. ഈ സീസണിൽ പലപ്പോഴും മാർക്കിഞ്ഞോസിന്റെ സാന്നിധ്യം പിഎസ്ജിക്ക് ഗുണം ചെയ്തിട്ടുണ്ട്.
ഏതായാലും മാർക്കിഞ്ഞോസിനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പ്രമുഖ ഫുട്ബോൾ പണ്ഡിറ്റായ അലൈൻ റോച്ചെ. അതായത് പിഎസ്ജിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡറാണ് മാർക്കിഞ്ഞോസ് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.റോച്ചേയുടെ വാക്കുകൾ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Video: Pundit Considers Marquinhos the Best Defender in PSG’s History https://t.co/uR78aypJu2
— PSG Talk (@PSGTalk) January 11, 2022
” വളരെ കുറഞ്ഞ പിഴവുകൾ മാത്രമാണ് നമുക്ക് മാർക്കിഞ്ഞോസിൽ നിന്നും കാണാനാവുക.വേഗത, ചടുലത, സ്ഫോടനാത്മകത എന്നിവയൊക്കെയുള്ള താരമാണ് അദ്ദേഹം. എതിരാളികളെ നേരിടാൻ മാർക്കിഞ്ഞോസിന് ഭയമില്ല.എല്ലാവരെയും തന്റെ വേഗത കൊണ്ട് പിടിക്കാനാവുമെന്നുള്ളത് അദ്ദേഹത്തിന് തന്നെയറിയാം.നല്ല ടൈമിംഗും ആന്റിസിപേഷനുമുള്ള താരമാണ് അദ്ദേഹം.കൂടാതെ ഗോളുകളും മാർക്കിഞ്ഞോസ് നേടുന്നു. അത് അത്ഭുതപ്പെടുത്തുന്നതാണ്.വളരെ ശാന്തമായാണ് അവൻ കളിക്കാറുള്ളത്.എതിരാളികളെ ഭയപ്പെടുത്തുന്ന ഡിഫൻഡർമാരുണ്ട്.എന്നാൽ എതിരാളികളെ മാർക്കിഞ്ഞോസ് നിസ്സാഹായരാക്കുകയാണ് ചെയ്യുന്നത്. യാതൊരുവിധ സംഘർഷങ്ങളും ഉണ്ടാക്കാതെയാണ് അദ്ദേഹം എതിരാളികളെ നേരിടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പിഎസ്ജിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫൻഡറാണ് മാർക്കിഞ്ഞോസ്. എല്ലാം ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം ” ഇതാണ് റോച്ചേ പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിൽ റയലിനെയാണ് ഇനി പിഎസ്ജി നേരിടുക. അന്ന് മാർക്കിഞ്ഞോസിന്റെ പ്രകടനം വളരെ നിർണായകമാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.