പിഎസ്ജിയിൽ സെർജിയോ റാമോസിന് എന്താണ് സംഭവിക്കുന്നത്?

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ സൂപ്പർ താരം സെർജിയോ റാമോസ് ക്ലബ് വിട്ട് പിഎസ്ജിയിലേക്കെത്തിയത്. എന്നാൽ ഇതുവരെ പിഎസ്ജി ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കാൻ റാമോസിന് സാധിച്ചിട്ടില്ല. പരിക്കാണ് താരത്തെ അലട്ടുന്ന കാര്യം. താരത്തിന്റെ അരങ്ങേറ്റം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ ഒട്ടും ശുഭകരമല്ല.

നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം റാമോസ് പിഎസ്‌ജിക്കായി അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു സൂചനകൾ.എന്നാൽ നിലവിൽ അദ്ദേഹം സജ്ജനല്ല എന്നാണ് അറിയാൻ കഴിയുന്നത്.താരത്തിന്റെ പരിക്ക് പൂർണ്ണമായും ഭേദമായിട്ടില്ലെന്നും അരങ്ങേറ്റത്തിന് വേണ്ടി ഇനിയും കാത്തിരിക്കണമെന്നുമാണ് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ലീഗ് വണ്ണിൽ നടക്കുന്ന ക്ലർമോന്റ് ഫൂട്ടിനെതിരെയുള്ള മത്സരത്തിൽ റാമോസ് കളിക്കുമെന്നായിരുന്നു മുമ്പ് പ്രതീക്ഷിച്ചിരുന്നത്.എന്നാൽ താരം ഈ മത്സരത്തിൽ അരങ്ങേറിയേക്കില്ല. തുടർന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ക്ലബ് ബ്രൂഗെക്കെതിരെയുള്ള മത്സരത്തിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.

കഴിഞ്ഞ നാല് മാസമായി റാമോസ് ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല.മെയ് അഞ്ചിന് റയൽ ചെൽസിയെ നേരിട്ട മത്സരത്തിലായിരുന്നു റാമോസ് അവസാനമായി കളിച്ചത്.ഈ വർഷം ആകെ 200 ദിവസത്തോളം താരം പരിക്ക് മൂലം പുറത്തിരുന്നിട്ടുണ്ട്. ഏതായാലും താരത്തിന്റെ തിരിച്ചു വരവിനായി അക്ഷമരായി കാത്തിരിക്കുകയാണ് പിഎസ്ജി ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *