പിഎസ്ജിയിൽ ചരിത്രം പിറന്നു,ഇനി ഒന്നല്ല,രണ്ട് എംബപ്പേ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് അവർ മെറ്റ്സിനെ പരാജയപ്പെടുത്തിയത്. അവരുടെ നായകൻ എംബപ്പേ തന്നെയാണ് പതിവുപോലെ മത്സരത്തിൽ തിളങ്ങിയത്.ഇരട്ട ഗോളുകൾ അദ്ദേഹം നേടുകയായിരുന്നു.ശേഷിച്ച ഗോൾ പോർച്ചുഗീസ് താരമായ വീറ്റിഞ്ഞയുടെ വകയായിരുന്നു.

ഈ മത്സരത്തിൽ ഒരു അപൂർവ്വ കാര്യം സംഭവിച്ചിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേയുടെ സഹോദരനായ ഏദൻ എംബപ്പേ പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുകയായിരുന്നു. നേരത്തെ പിഎസ്ജിക്ക് വേണ്ടി ഈ താരം കളിച്ചിട്ടുണ്ടെങ്കിലും അത് ഒഫീഷ്യൽ മത്സരമായിരുന്നില്ല.ഇപ്പോൾ ഒഫീഷ്യലായി കൊണ്ട് തന്നെ അദ്ദേഹം അരങ്ങേറ്റം നടത്തിയിട്ടുണ്ട്. മത്സരത്തിന്റെ 92 മിനുട്ടിലാണ് മാനുവൽ ഉഗാർത്തെക്ക് പകരം ഏതൻ എംബപ്പേ കളിക്കളത്തിലേക്ക് വന്നത്.

16 വയസ്സ് മാത്രമുള്ള താരം സീനിയർ അരങ്ങേറ്റമാണ് ഇപ്പോൾ കുറിച്ചിട്ടുള്ളത്. 2017ലായിരുന്നു ഏതൻ എംബപ്പേ പിഎസ്ജിയുടെ യൂത്ത് ടീമിൽ എത്തിയിരുന്നത്.പിഎസ്ജിയുടെ അണ്ടർ 19 ടീമിന്റെ നിർണായക താരമാണ് ഏതൻ എംബപ്പേ.ഈ സീസണിലെ യുവേഫ യൂത്ത്‌ ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ 6 മത്സരങ്ങളിലും ഏതൻ എംബപ്പേ പങ്കെടുത്തിട്ടുണ്ട്.ഏതായാലും സീനിയർ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് തന്നെയാണ് കിലിയൻ എംബപ്പേയുടെ സഹോദരൻ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

ഫ്രഞ്ച് ലീഗിൽ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പിഎസ്ജി തുടർന്ന് കൊണ്ടിരിക്കുന്നത്.ലീഗിൽ കഴിഞ്ഞ എട്ടുമത്സരങ്ങളിൽ ഒരു പരാജയം പോലും അവർക്ക് ഏൽക്കേണ്ടി വന്നിട്ടില്ല. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് പിഎസ്ജി. രണ്ടാം സ്ഥാനത്തുള്ള നീസിനെക്കാൾ 5 പോയിന്റിന്റെ ലീഡ് നിലവിൽ പിഎസ്ജിക്കുണ്ട്. അടുത്ത സൂപ്പർ കപ്പ് മത്സരത്തിൽ ടുളുസെയാണ് പിഎസ്ജിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *