പിഎസ്ജിക്ക് തിരിച്ചടിയോട് തിരിച്ചടി,മറ്റൊരു സൂപ്പർ താരത്തിനും സീസൺ നഷ്ടമാവും.
ഇപ്പോൾ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ അവർ പരാജയപ്പെട്ടിരുന്നു. അവസാനമായി കളിച്ച എട്ടുമത്സരങ്ങളിൽ നാലെണ്ണത്തിലും പിഎസ്ജി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല ഇനി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നാൽ ലീഗ് വൺ കിരീടം നഷ്ടമാവാനും സാധ്യതയുണ്ട്.
കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിന് പുറമേ മറ്റൊരു തിരിച്ചടി കൂടി ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതായത് പിഎസ്ജിയുടെ പ്രതിരോധനിരയിലെ പോർച്ചുഗീസ് സൂപ്പർതാരമായ നുനോ മെന്റസിന് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ വലത് കാലിന് ഹാംസ്ട്രിങ് ഇൻജുറിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ മെഡിക്കൽ റിപ്പോർട്ട് ഇപ്പോൾ പിഎസ്ജി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
PSG's Nuno Mendes is out for the rest of the season due to a hamstring injury, the club confirm.https://t.co/KDHn8A2yJO
— Get French Football News (@GFFN) May 3, 2023
അതായത് താരത്തിന് ഇനിയുള്ള എല്ലാ മത്സരങ്ങളും നഷ്ടമാവും.ഈ സീസണിൽ പിഎസ്ജിക്ക് ഇനി നുനോ മെന്റസിന്റെ സേവനം ലഭ്യമായിരിക്കില്ല. പരിക്കിൽ നിന്നും പൂർണ്ണമായി മുക്തനാവാൻ ദീർഘകാലത്തെ വിശ്രമം താരത്തിന് ആവശ്യമാണെന്നും പിഎസ്ജി ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്. നിലവിലെ അവസ്ഥയിൽ താരത്തിന്റെ അഭാവം പിഎസ്ജിക്ക് തിരിച്ചടി തന്നെയാണ്.
നേരത്തെ പരിക്കു മൂലം സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,പ്രിസണൽ കിമ്പമ്പേ എന്നിവരെ ക്ലബ്ബിന് നഷ്ടമായിരുന്നു. ഈ രണ്ടു താരങ്ങളും ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിക്കില്ല. മാത്രമല്ല ക്ലബ്ബ് ഏർപ്പെടുത്തിയ സസ്പെൻഷൻ മൂലം അടുത്ത രണ്ട് മത്സരങ്ങളും മെസ്സിക്ക് നഷ്ടമാവും. അതിനുശേഷം നടക്കുന്ന മൂന്നു മത്സരങ്ങളിലും മെസ്സി കളിക്കുമോ എന്നുള്ളതിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.