പിഎസ്ജിക്ക് കനത്ത തിരിച്ചടി,റാമോസിന് കൂടുതൽ മത്സരങ്ങൾ നഷ്ടമാവും!

ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയിക്കാൻ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല.മത്സരത്തിൽ റെയിംസ് പിഎസ്ജിയെ ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ സൂപ്പർ താരം സെർജിയോ റാമോസ് റെഡ് കാർഡ് കണ്ട് പുറത്തു പോയത് അക്ഷരാർത്ഥത്തിൽ പിഎസ്ജിക്ക് തിരിച്ചടിയാവുകയായിരുന്നു.

മത്സരത്തിൽ റഫറിയുമായി തർക്കിച്ചതിനാണ് റാമോസിന് രണ്ടാം യെല്ലോ കാർഡ് കണ്ടുകൊണ്ട് പുറത്തു പോകേണ്ടി വന്നത്. ഇപ്പോഴിതാ പിഎസ്ജിക്ക് വളരെയധികം നിരാശ നൽകുന്ന ഒരു വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്. സസ്പെൻഷൻ മൂലം സെർജിയോ റാമോസ് കൂടുതൽ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നേക്കും. പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

താരത്തിനെതിരെ അച്ചടക്ക കമ്മിറ്റിയാണ് ഇനി നടപടി കൈക്കൊള്ളുക. മൂന്ന് മത്സരങ്ങളിലാണ് റാമോസിന് സസ്പെൻഷൻ ലഭിക്കുക. സ്വാഭാവികമായും അതിലൊരു മത്സരം സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനി ലീഗ് വണ്ണിൽ നടക്കുന്ന രണ്ടു മത്സരങ്ങളിൽ പങ്കെടുക്കാൻ റാമോസിന് കഴിയില്ല.ഒളിമ്പിക് മാഴ്സെ,അജാസിയോ എന്നിവർക്കെതിരെയാണ് അടുത്ത മത്സരങ്ങൾ പിഎസ്ജി കളിക്കുക. ഈ രണ്ടു മത്സരങ്ങളിലും റാമോസ് പിഎസ്ജി നിരയിൽ ഉണ്ടാവില്ല.

അതേസമയം ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ താരത്തെ ക്ലബ്ബിന് ലഭ്യമാക്കും. ഇനി മക്കാബി ഹൈഫക്കെതിരെയാണ് ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം കളിക്കുക. വരുന്ന മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ വിജയം നേടൽ പിഎസ്ജിക്ക് അനിവാര്യമാണ്. ഇല്ലെങ്കിൽ ലീഗ് വണ്ണിലെ ഒന്നാം സ്ഥാനം പിഎസ്ജിക്ക് നഷ്ടമാവാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *