പരിക്ക്, നെയ്മർ കൂടുതൽ കാലം പുറത്തിരിക്കേണ്ടി വന്നേക്കും!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി സെന്റ് എറ്റിനിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി മാർക്കിഞ്ഞോസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ ഡി മരിയയുടെ വകയായിരുന്നു. ഈ മൂന്ന് ഗോളിനും വഴിയൊരുക്കിയത് സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു.
എന്നാൽ മത്സരത്തിനിടെ പിഎസ്ജിക്കേറ്റ തിരിച്ചടി എന്നുള്ളത് ബ്രസീലിയൻ താരമായ നെയ്മറുടെ പരിക്കായിരുന്നു.മത്സരത്തിന്റെ 88-ആം മിനുട്ടിൽ ഗുരുതര പരിക്കേറ്റ നെയ്മർ പുറത്തേക്ക് പോവുകയായിരുന്നു. ആദ്യകാഴ്ച്ചയിൽ തന്നെ നെയ്മറുടെ പരിക്ക് ഒരല്പം ഗുരുതരമാണ് എന്നുള്ളത് വ്യക്തമായിരുന്നു.
Neymar could be out for 6 weeks after initial tests show big ankle sprain sustained against Saint-Étienne. (RMC)https://t.co/QCIFMz9NTL
— Get French Football News (@GFFN) November 28, 2021
ഇപ്പോഴിതാ പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്‌പോർട് പുറത്തേക്ക് വിട്ടിട്ടുണ്ട്. ആങ്കിൾ സ്പ്രയിൻ ഇഞ്ചുറിയാണ് നെയ്മർക്ക് പിടിപെട്ടിട്ടുള്ളത്.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം നെയ്മർ ചുരുങ്ങിയത് 6 ആഴ്ച്ചയെങ്കിലും പുറത്തിരിക്കേണ്ടി വരും. അതായത് ജനുവരി മധ്യത്തിലായിരിക്കും താരത്തിന്റെ പരിക്ക് ഭേദമാവുക. പത്തിലധികം മത്സരങ്ങൾ നെയ്മർക്ക് നഷ്ടമായേക്കും. എന്നാൽ നെയ്മറെ കൂടുതൽ പരിശോധനകൾക്ക് ഇന്ന് വിധേയമാക്കും. പരിക്കിന്റെ വ്യാപ്തി എത്രയാണ് എന്നുള്ളത് ഇന്നത്തോടെ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.