പരാജയപ്പെട്ട് നിൽക്കുന്ന സമയത്ത് എംബപ്പേയെ പിൻവലിച്ചു, എന്തുകൊണ്ടെന്ന് വ്യക്തമാക്കി എൻറിക്കെ!

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.റെന്നസായിരുന്നു പിഎസ്ജിയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. മത്സരത്തിന്റെ 33ആം മിനിറ്റിൽ റെന്നസ് ലീഡ് നേടുകയായിരുന്നു. എന്നാൽ 97ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് ഗോൺസാലോ റാമോസ് പിഎസ്ജിക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു.

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർ താരം കിലിയൻ എംബപ്പേ ഉണ്ടായിരുന്നു. എന്നാൽ 65ആം മിനിട്ടിൽ പരിശീലകൻ അദ്ദേഹത്തെ പിൻവലിച്ചുകൊണ്ട് റാമോസിനെ ഇറക്കുകയായിരുന്നു. പിറകിൽ നിൽക്കുന്ന സമയത്ത് എൻറിക്കെ ഈ തീരുമാനമെടുത്തത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എംബപ്പേ ഇല്ലാതെ കളിക്കാൻ പഠിക്കണം എന്നാണ് ഇതിന്റെ വിശദീകരണമായി കൊണ്ട് എൻറിക്കെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“നേരത്തെ ആയാലും വൈകിയാലും ഇത് സംഭവിക്കേണ്ടതാണ്. ഏതെങ്കിലും ഒരു ഘട്ടത്തിൽ നമുക്ക് എംബപ്പേ ഇല്ലാതെ കളിക്കേണ്ടിവരും. അതുകൊണ്ടുതന്നെ പിഎസ്ജി എംബപ്പേ അല്ലാതെ കളിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. സാഹചര്യത്തിന് ഉചിതമായ തീരുമാനങ്ങളാണ് ഞാൻ എടുക്കുക.എംബപ്പേ എപ്പോൾ കളിക്കണം,എംബപ്പേ എപ്പോൾ കളിക്കണ്ട എന്ന തീരുമാനം പരിശീലകനാണ് എടുക്കേണ്ടത്.അതാണ് ഞാൻ ചെയ്യുന്നത്. അടുത്ത സീസണിലേക്ക് മാക്സിമം കോമ്പറ്റീഷൻ ടീമിനകത്ത് ഉണ്ടാവണം. അതാണ് ഞാൻ ലക്ഷ്യം വെക്കുന്നത് “ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.

കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടുകൊണ്ട് റയൽ മാഡ്രിഡിലേക്ക് പോകും എന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ എൻറിക്കെ എടുത്തിട്ടുള്ളത്. ഈ സീസണിൽ മികച്ച പ്രകടനമാണ് എംബപ്പേ നടത്തിയിട്ടുള്ളത്.21 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം ഫ്രഞ്ച് ലീഗിൽ കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *