പട്ടം പറത്തി പണി കിട്ടി, ബ്രസീലിയൻ സൂപ്പർ താരം സർജറിക്ക് വിധേയനായേക്കും!

ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീലിനൊപ്പം രണ്ടു മത്സരങ്ങളിലും പങ്കെടുക്കാൻ സൂപ്പർ താരം ലുക്കാസ് പക്വറ്റക്ക് സാധിച്ചിരുന്നു. ആ മത്സരങ്ങൾക്ക് ശേഷം താരം ഹോളിഡേ ആഘോഷത്തിലുമായിരുന്നു. എന്നാൽ ഈ ആഘോഷങ്ങൾക്കിടെ ലുക്കാസ് പക്വറ്റക്ക് ചെറിയ ഒരു അപകടം പറ്റിയിട്ടുണ്ട്.

പട്ടം പറത്തുന്നതിനിടെ താരത്തിന്റെ കൈവിരലിന് മുറിവേൽക്കുകയായിരുന്നു. മുറിവ് ഗുരുതരമല്ല എന്നുള്ള കാര്യം പക്വറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഭാവിയിൽ പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ വേണ്ടി ചെറിയ ഒരു സർജറിക്ക് വിധേയമാകുമെന്നും പക്വറ്റ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കു വെച്ചിട്ടുള്ളത്.കയ്യിൽ പ്ലാസ്റ്റർ ഇട്ടു നിൽക്കുന്ന ഒരു ചിത്രമാണ് പക്കേറ്റ പോസ്റ്റ് ചെയ്തിട്ടുള്ളത്. അതിന്റെ ക്യാപ്ഷനായി കൊണ്ട് താരം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” കുട്ടികളുടെ ഗെയിമുകൾ ക്കും അതിന്റെതായ അനന്തരഫലം ഉണ്ടാവുമെന്ന് ഞാൻ ഓർമ്മിക്കുന്നു. ഞാൻ പട്ടം പറത്താൻ പോയിരുന്നു. പക്ഷേ എന്റെ വിരലുകൾക്ക് മുറിവേറ്റു. കുഴപ്പങ്ങളൊന്നുമില്ല. പക്ഷേ ഭാവിയിൽ ഇനി പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കാൻ വേണ്ടി ഞാൻ ചെറിയ ഒരു സർജറിക്ക് വിധേയനായേക്കും ” ഇതാണ് പക്കേറ്റ കുറിച്ചിട്ടുള്ളത്.

താരത്തിന്റെ സർജറി വരുന്ന സീസണിനെ ബാധിക്കില്ല എന്ന് തന്നെയാണ് ഒളിമ്പിക് ലിയോൺ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഏഴാം തീയതി അജാസിയോക്കെതിരെയാണ് ലീഗ് വണ്ണിൽ ലിയോൺ ആദ്യമത്സരം കളിക്കുക. അതിനു മുമ്പ് നാലോളം സൗഹൃദ മത്സരങ്ങൾ ലിയോൺ കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *