നെയ്മർക്ക് വിലക്ക്,ഒരു മത്സരം നഷ്ടമാവും!

നിലവിൽ മികച്ച ഫോമിലാണ് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ പിഎസ്ജിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ക്ലർമോന്റ് ഫൂട്ടിനെതിരെ നടന്ന മത്സരത്തിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു നെയ്മർ കരസ്ഥമാക്കിയിരുന്നത്.അതിന് മുമ്പ് നടന്ന ലോറിയെന്റിനെതിരെയുള്ള മത്സരത്തിൽ നെയ്മർ ഇരട്ട ഗോളുകൾ നേടുകയും ചെയ്തിരുന്നു.

എന്നാൽ നെയ്മറുടെ കാര്യത്തിൽ ഇപ്പോൾ പിഎസ്ജിക്ക് ഒരു തിരിച്ചടിയേറ്റിട്ടുണ്ട്.അതായത് ലീഗ് വണ്ണിലെ അച്ചടക്ക കമ്മിറ്റി നെയ്മർക്ക് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 ലീഗ് വൺ മത്സരങ്ങളിൽ നിന്ന് 3 യെല്ലോ കാർഡുകൾ കണ്ടതിനാലാണ് നെയ്മർക്ക് സസ്പെൻഷൻ വിധിച്ചത്.പിഎസ്ജി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

എന്നാൽ പിഎസ്ജിയുടെ അടുത്ത മത്സരത്തിന് ശേഷം മാത്രമേ ഈ സസ്‌പെൻഷൻ ആക്റ്റീവ് ആവുകയൊള്ളൂ. അതായത് ചിരവൈരികളായ ഒളിമ്പിക് മാഴ്സെക്കെതിരെയുള്ള മത്സരം നെയ്മർ ജൂനിയർക്ക് കളിക്കാം. അതിനുശേഷം ലീഗ് വണ്ണിൽ നടക്കുന്ന ആങ്കേഴ്സിനെതിരെയുള്ള മത്സരമാണ് നെയ്മർക്ക് നഷ്ടമാവുക.

വരുന്ന ഞായറാഴ്ചയാണ് പിഎസ്ജി മാഴ്സെക്കെതിരെ കളത്തിലിറങ്ങുക. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12: 15 ന് പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.നിലവിൽ പിഎസ്ജി പോയിന്റ് ടേബിളിൽ ഒന്നാമതും മാഴ്സെ രണ്ടാമതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *