നെയ്മറോ എംബപ്പേയോ? ആരാണ് പിഎസ്ജിയുടെ മെയിൻ പെനാൽറ്റി ടേക്കർ? ഗാൾട്ടിയർ പറയുന്നു!
കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയം നേടാൻ കഴിഞ്ഞുവെങ്കിലും പിഎസ്ജിയിൽ ഇപ്പോഴും പ്രതിസന്ധികൾക്ക് വിരാമമായിട്ടില്ല. പെനാൽറ്റി വിവാദമാണ് ഇപ്പോൾ പിടിമുറുക്കിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ആദ്യത്തെ പെനാൽറ്റി എംബപ്പേയും രണ്ടാമത്തെ പെനാൽറ്റി നെയ്മറുമായിരുന്നു എടുത്തിരുന്നത്.
എന്നാൽ എംബപ്പേക്ക് ആദ്യത്തെ പെനാൽറ്റി എടുക്കാൻ അനുമതി നൽകിയ പിഎസ്ജിക്കെതിരെ വിമർശനം ഉയർത്തിക്കൊണ്ടുള്ള പോസ്റ്റിന് നെയ്മർ ലൈക്ക് നൽകിയിരുന്നു.ഇത് വലിയ വിവാദമായിട്ടുണ്ട്.
ഇപ്പോഴിതാ പിഎസ്ജിയുടെ മെയിൻ പെനാൽറ്റി ടേക്കർ ആരാണ് എന്നുള്ള ചോദ്യത്തിന് പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ ഉത്തരം നൽകിയിട്ടുണ്ട്. ഇതുവരെ മെയിൻ പെനാൽറ്റി ടേക്കറെ തീരുമാനിച്ചിട്ടില്ലെന്നും ഭാവിയിൽ നോക്കാം എന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.ഗാൾട്ടിയർ പറഞ്ഞത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 15, 2022
” ഈ മത്സരത്തിന് വേണ്ടി മാത്രം ഞങ്ങൾ ഒരു ഓർഡർ ഉണ്ടാക്കിയിരുന്നു.ആദ്യം കിലിയൻ എംബപ്പേയും പിന്നീട് നെയ്മർ ജൂനിയറും പെനാൽറ്റി എടുക്കുക എന്നുള്ളതായിരുന്നു ആ ഓർഡർ.അതനുസരിച്ച് തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്.ബാക്കിയുള്ളതെല്ലാം ഭാവിയിൽ നമുക്ക് നോക്കാം ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.
മുമ്പും പെനാൽറ്റി വിവാദം പിഎസ്ജിയിൽ രൂക്ഷമായിട്ടുണ്ട്. നെയ്മർ ജൂനിയർ പിഎസ്ജിയിൽ എത്തിയ സമയത്ത് താരവും കവാനിയും തമ്മിലായിരുന്നു പെനാൽറ്റിക്ക് വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നത്. ഒരിക്കൽ കൂടി ആ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോൾ പിഎസ്ജി കടന്നുപോകുന്നത്.