നെയ്മറോട് മോശമായി പെരുമാറി,അമ്മയെ അപമാനിച്ചു: ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞു പിഎസ്ജി അൾട്രാസ്‌ പ്രസിഡന്റ്.

2017 ലായിരുന്നു 222 മില്യൺ യുറോ എന്ന ലോക റെക്കോർഡ് തുകക്ക് സൂപ്പർതാരം നെയ്മർ ജൂനിയറെ പിഎസ്ജി സ്വന്തമാക്കിയത്.എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം തന്നെ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു.2019ൽ നെയ്മർ പിഎസ്ജി വിട്ടുകൊണ്ട് ബാഴ്സയിലേക്ക് തിരിച്ച് പോകാൻ ആഗ്രഹിച്ചിരുന്നു.ഇത് പിഎസ്ജി ആരാധകരെ ചൊടിപ്പിച്ചിരുന്നു.

പിന്നീട് അവർ നെയ്മർക്ക് നേരെ തിരിയുകയായിരുന്നു. സ്വന്തം ആരാധകരിൽ നിന്ന് തന്നെ നെയ്മർക്ക് പലപ്പോഴും കൂവൽ ഏൽക്കേണ്ടി വന്നു. മാത്രമല്ല നെയ്മർക്കെതിരെ പാർക്ക് ഡെസ് പ്രിൻസസിൽ ചാന്റുകൾ മുഴങ്ങുകയും ബാനറുകൾ ഉയരുകയും ചെയ്തു. അതിന്റെ ഫലമായി കൊണ്ടാണ് നെയ്മർ ഇപ്പോഴും മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാൻ വിസമ്മതിക്കുന്നത്.

ഏതായാലും നെയ്മറോട് തങ്ങൾ മോശമായി പെരുമാറി എന്നുള്ളത് പിഎസ്ജി ആരാധകരുടെ സംഘടനയായ അൾട്രാസിന്റെ പ്രസിഡന്റ് ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. നെയ്മറുടെ അമ്മയെ അപമാനിച്ചത് പരിധിവിട്ട പ്രവർത്തിയായെന്നും ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്.അൾട്രാസ്‌ പ്രസിഡന്റായ റൊമെയിൻ മാബില്ലേ ഫ്രാൻസ് ബ്ലൂ പാരീസിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മറുടെ അമ്മയെ അപമാനിക്കുന്ന തരത്തിലുള്ള ബാനർ ഉയർത്തിയത് പരിധി വിട്ട ഒരു പ്രവർത്തിയായിരുന്നു എന്നുള്ളത് സമ്മതിക്കുന്നു. നെയ്മറോട് പലപ്പോഴും ഞങ്ങൾ മോശമായാണ് പെരുമാറിയത്.തുടക്കത്തിൽ ആരാധകർ അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു. പക്ഷേ പിന്നീട് കാര്യങ്ങളിൽ മാറ്റം വന്നതാണ് ഇതിനൊക്കെ കാരണം.പിഎസ്ജി താരങ്ങൾക്ക് അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പരമാവധി സാഹചര്യങ്ങൾ ഞങ്ങൾ ഒരുക്കണം. നെയ്മർ വളരെയധികം സ്വാധീനമുള്ള ഒരു താരമാണ്.അദ്ദേഹവുമായി ഞങ്ങൾക്ക് വ്യത്യസ്തമായ ഒരു ബന്ധം പുലർത്താമായിരുന്നു ” ഇതാണ് അൾട്രാസ്‌ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ പോലും നെയ്മർക്ക് സ്വന്തം ആരാധകരിൽ നിന്നും കൂവൽ ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല ലയണൽ മെസ്സിയെയും പിഎസ്ജി ആരാധകർ കൂവി വിളിച്ചിരുന്നു. അതുകൊണ്ടുതന്നെ മെസ്സിയും ഇപ്പോൾ മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാറില്ല.

Leave a Reply

Your email address will not be published. Required fields are marked *