നെയ്മറുടെ വില ഉയർത്തി PSG!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടാൻ ആഗ്രഹിക്കുന്നുണ്ട്.അദ്ദേഹം ഇക്കാര്യം ക്ലബ്ബിനെ അറിയിച്ചതായി കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ പഴയ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങിപ്പോവാനാണ് നെയ്മർ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ബാഴ്സക്ക് കാര്യങ്ങൾ സങ്കീർണമാണ്.

നെയ്മർ ജൂനിയർ പിഎസ്ജി വില നിശ്ചയിച്ചു എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. 50 മില്യൺ പൗണ്ടിന് താഴെയുള്ള ഒരു ഓഫറുകളും പരിഗണിക്കില്ല എന്നായിരുന്നു പിഎസ്ജിയുടെ നിലപാട്. എന്നാൽ പ്രമുഖ മാധ്യമമായ As ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.അതായത് നെയ്മറുടെ വില ഈ ക്ലബ്ബ് ഉയർത്തിയിട്ടുണ്ട്. 150 മില്യൺ യൂറോ ലഭിക്കാതെ അദ്ദേഹത്തെ വിട്ട് നൽകില്ല എന്ന ഒരു തീരുമാനത്തിലാണ് ഇപ്പോൾ പിഎസ്ജിയുള്ളത്.

ബാഴ്സയെ സംബന്ധിച്ചിടത്തോളം ഇത് അസാധ്യമായ ഒരു തുക തന്നെയാണ്.പക്ഷേ അപ്പോഴും ബാഴ്സക്ക് മുന്നിൽ സാധ്യതകളുണ്ട്. നെയ്മറെ ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽകാൻ ഇപ്പോൾ പിഎസ്ജി ഒരുക്കമാണ്. പക്ഷേ നെയ്മറുടെ ഉയർന്ന സാലറി അപ്പോഴും ബാഴ്സക്ക് ഒരു പ്രശ്നമായി കൊണ്ട് അവശേഷിക്കും. അതേസമയം നെയ്മറെ എത്തിക്കാൻ അമേരിക്കയിലെ പല ക്ലബ്ബുകൾക്കും താല്പര്യമുണ്ട്. സൂപ്പർ താരം ലയണൽ മെസ്സിയെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി സ്വന്തമാക്കിയിരുന്നു.

ഒരു വലിയ അഴിച്ചു പണിയാണ് ഇപ്പോൾ പിഎസ്ജി നടത്തിക്കൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിയും സെർജിയും റാമോസും ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.കിലിയൻ എംബപ്പേയോട് ക്ലബ്ബ് വിട്ടുപോവാൻ പിഎസ്ജി കൽപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് നെയ്മർ കൂടി ഒഴിവാക്കാൻ പിഎസ്ജി സമ്മതം അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *