നെയ്മറുടെ ഈ തകർപ്പൻ ഫോമിന് പിറകിലുള്ള കാരണം കണ്ടെത്തി ലിസറാസു!
മുമ്പെങ്ങും കാണാത്ത വിധമുള്ള തകർപ്പൻ ഫോമിലാണ് നിലവിൽ പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഈ സീസണിൽ കളിച്ചുകൊണ്ടിരിക്കുന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മർ ഒരുപോലെ ക്ലബ്ബിനു വേണ്ടി തിളങ്ങുകയാണ്. ആകെ കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 7 അസിസ്റ്റുകളും നേടിക്കൊണ്ട് വളരെയധികം മുൻപന്തിയിലാണ് നിലവിൽ നെയ്മർ ജൂനിയറുള്ളത്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ നെയ്മർക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല ക്ലബ്ബ് അദ്ദേഹത്തെ ഒഴിവാക്കുമെന്നുള്ള റൂമറുകളും ഉണ്ടായിരുന്നു. ഏതായാലും മുൻ ഫ്രഞ്ച് താരമായ ബിക്സന്റെ ലിസറാസു നെയ്മറുടെ ഈ തകർപ്പൻ ഫോമിന്റെ കാരണം കണ്ടെത്തിയിട്ടുണ്ട്.അതായത് ആവശ്യത്തിന് വിമർശനങ്ങൾ ലഭിച്ചതാണ് ഈ മികവിന് കാരണം എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.ലിസറാസുവിന്റെ വാക്കുകളെ ടെലിഫൂട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Former World Cup Winner Spotlights the One Major Factor Behind Neymar’s Promising Start to the Season https://t.co/bcLxkFf7BR
— PSG Talk (@PSGTalk) September 12, 2022
” ആവശ്യത്തിനുള്ള വിമർശനങ്ങൾ അദ്ദേഹത്തിനു ലഭിച്ചു എന്നുള്ളത് ശരിയാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ നെയ്മർ ജൂനിയർ നല്ല രൂപത്തിൽ കളിക്കുന്നു. അനാവശ്യമായ രൂപത്തിൽ ഡ്രിബിളുകൾ ചെയ്യാൻ അദ്ദേഹം മുതിരുന്നില്ല. ആവശ്യമായ സമയത്ത് പാസുകൾ നൽകാൻ ഇപ്പോൾ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. മാത്രമല്ല ശാരീരികമായി അദ്ദേഹം ഇപ്പോൾ വളരെയധികം ഷാർപ്പുമാണ് ” ഇതാണ് ലിസറാസു പറഞ്ഞിട്ടുള്ളത്.
ഈ സീസൺ തുടങ്ങുന്നതിനു മുന്നേ വലിയ ബുദ്ധിമുട്ട് നെയ്മർക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ സീസണിന് വേണ്ടി നെയ്മർ വളരെയധികം ഹാർഡ് വർക്ക് ചെയ്തിരുന്നു.എല്ലാ രൂപത്തിലും ഉള്ള ഗോളുകൾ ഈ സീസണിൽ നേടുമെന്ന് നെയ്മർ ആരാധകർക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഏതായാലും നെയ്മറുടെ ഈ ഉജ്ജ്വല ഫോം ഖത്തർ വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന ബ്രസീലിയൻ ടീമിന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.