നെയ്മറിന് ഫൈനൽ നഷ്ടമായേക്കും!
സൂപ്പർ താരം നെയ്മർ ജൂനിയർ നിലവിൽ അവധി ആഘോഷത്തിലാണുള്ളത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിന് വേണ്ടി നെയ്മർ കളിച്ചിരുന്നുവെങ്കിലും കിരീടജേതാക്കളാവാൻ സാധിച്ചിരുന്നില്ല. പിന്നീട് നെയ്മർക്കും സഹതാരമായ മാർക്കിഞ്ഞോസിനും പിഎസ്ജി 20 ദിവസത്തെ അവധി അനുവദിക്കുകയായിരുന്നു.ഇത് പ്രകാരം നെയ്മറും മാർക്കിഞ്ഞോസും ഓഗസ്റ്റ് രണ്ടിനായിരിക്കും പിഎസ്ജിക്കൊപ്പം ചേരുക. ഇതോടെ ഇരുവർക്കും ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനൽ നഷ്ടമായേക്കും. പ്രമുഖ ബ്രസീലിയൻ മാധ്യമമായ യുഒഎല്ലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Report: PSG Has Set a Date for When Neymar Will Join the Team for Preseason https://t.co/S2WmirvMEp
— PSG Talk 💬 (@PSGTalk) July 25, 2021
ഓഗസ്റ്റ് ഒന്നാം തിയ്യതിയാണ് പിഎസ്ജി ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനൽ കളിക്കുക. ലില്ലിയാണ് പിഎസ്ജിയുടെ എതിരാളികൾ.ഈ മത്സരത്തിൽ നെയ്മർ കളിച്ചേക്കില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നിലവിൽ നാല് പ്രീ സീസൺ മത്സരങ്ങൾ പിഎസ്ജി കളിച്ചു കഴിഞ്ഞു. ഇനി സ്പാനിഷ് വമ്പൻമാരായ സെവിയ്യ ക്കെതിരെ പിഎസ്ജി സൗഹൃദമത്സരം കളിക്കുന്നുണ്ട്. ഇതിന് ശേഷമാണ് പിഎസ്ജി ലില്ലിക്കെതിരെ ഫൈനൽ കളിക്കുക. പിന്നീടാണ് ലീഗ് വൺ മത്സരങ്ങൾ ആരംഭിക്കുക. സീസണിലെ ആദ്യമത്സരത്തിൽ പുതുതായി ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ട്രോയെസിനെയാണ് പിഎസ്ജി നേരിടുക. ഓഗസ്റ്റ് എട്ടിന് നടക്കുന്ന മത്സരത്തിൽ നെയ്മർ കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.