നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച താരം : പിഎസ്ജി സൂപ്പർ താരത്തെ കുറിച്ച് ലോറിയെന്റ് കോച്ച് പറയുന്നു!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്ജി ലോറിയെന്റിനെ പരാജയപ്പെടുത്തിയത്. ഈ അഞ്ച് ഗോളുകളിലും പങ്കാളിത്തം വഹിക്കാൻ സൂപ്പർ താരം എംബപ്പേക്ക് സാധിച്ചിരുന്നു.രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായിരുന്നു താരം സ്വന്തമാക്കിയിരുന്നത്.നെയ്മർ രണ്ട് ഗോളുകൾ നേടിയപ്പോൾ മെസ്സി ഒരു ഗോളും സ്വന്തമാക്കി.
ഈ മത്സരത്തിന് ശേഷം കിലിയൻ എംബപ്പേയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ലോറിയെന്റിന്റെ പരിശീലകനായ പെലിസ്സിയർ.നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് കിലിയൻ എംബപ്പേ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലോറിയെന്റിന്റെ പരിശീലകൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 4, 2022
” എംബപ്പേയെ പോലെയുള്ള ഒരു താരത്തെ കൈകാര്യം ചെയ്യുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത്തരത്തിലുള്ള താരങ്ങളെ കണ്ടവർ കുറവാണ് എന്നാണ് ഞാൻ കരുതുന്നത്. നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് എംബപ്പേ.അദ്ദേഹം പാരീസിൽ ഉള്ളതും ഫ്രഞ്ചുകാരനായതും മികച്ച ഒരു കാര്യമാണ്. പക്ഷേ ഞങ്ങൾ എതിരാളികളാവുമ്പോൾ,അദ്ദേഹം പിഎസ്ജിക്കൊപ്പമുള്ളത് ഞങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യമല്ല ” ഇതാണ് പെലിസ്സിയർ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മികച്ച ഫോമിലാണ് എംബപ്പേ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.17 ഗോളുകളും 13 അസിസ്റ്റുകളും ഈ സീസണിൽ എംബപ്പേ ലീഗ് വണ്ണിൽ നേടി കഴിഞ്ഞു.