നഗൽസ്മാൻ വീണു,പ്രീമിയർ ലീഗ് പരിശീലകനെ സ്വന്തമാക്കാൻ പിഎസ്ജി!

കഴിഞ്ഞ സീസണിൽ മോശം പ്രകടനം തന്നെയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പുറത്തെടുത്തത്. കേവലം ഒരു പോയിന്റിനാണ് ലീഗ് വൺ കിരീടം അവർ നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ നേരത്തെ തന്നെ പിഎസ്ജി പുറത്തായിരുന്നു. മാത്രമല്ല ഈ സീസണിൽ നിരവധി തോൽവികൾ ക്ലബ്ബ് ഏറ്റു വാങ്ങുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ അവരുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്ക് തന്റെ പരിശീലക സ്ഥാനം നഷ്ടമായി കഴിഞ്ഞിട്ടുണ്ട്. പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ പിഎസ്ജിയുടെ സ്പോട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസുള്ളത്.മുൻ ബയേൺ പരിശീലകനായ ജൂലിയൻ നഗൽസ്മാന് വേണ്ടി ക്ലബ്ബ് പരിശ്രമിച്ചിരുന്നു.പക്ഷേ അത് നടക്കാതെ പോവുകയായിരുന്നു.

ഇപ്പോഴിതാ പിഎസ്ജി മറ്റൊരു നീക്കം നടത്തിയിട്ടുണ്ട്. അതായത് ആഴ്സണൽ പരിശീലകനായ മികേൽ ആർട്ടെറ്റയെ സ്വന്തമാക്കാൻ അവർക്ക് താൽപര്യമുണ്ട്. മാത്രമല്ല ഈ പരിശീലകനെ അവർ കോൺടാക്ട് ചെയ്തിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു ശുഭാപ്തി വിശ്വാസം നിലവിൽ പിഎസ്ജിക്കില്ല. അദ്ദേഹം ആഴ്സനലിൽ തുടരാൻ തന്നെയാണ് സാധ്യത. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിയാഗോ മൊട്ടയെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് പിഎസ്ജി നടത്തുന്നുണ്ട്. അതേസമയം ലൂയിസ് എൻറിക്കെയെ ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകളും സജീവമാണ്. ഏതായാലും വളരെ പെട്ടെന്ന് തന്നെ ഒരു പുതിയ പരിശീലകനെ നിയമിക്കാനുള്ള ശ്രമങ്ങളായിരിക്കും പിഎസ്ജി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ജൂലൈ ഇരുപത്തിയഞ്ചാം തീയതി സൗദി ക്ലബ്ബായ അൽ നസ്റിനെതിരെ പിഎസ്ജി ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിനു മുന്നേ പുതിയ പരിശീലകനെ ക്ലബ്ബ് നിയമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *