ദീർഘകാലം പിഎസ്ജിയിൽ തുടരുമെന്ന് പ്രതീക്ഷ: സൂപ്പർ താരത്തെ കുറിച്ച് പോച്ചെട്ടിനോ പറയുന്നു!

സൂപ്പർ താരം കിലിയൻ എംബപ്പേയെ കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് പ്രചരിക്കുന്ന ഒരു സമയമാണിത്.അദ്ദേഹത്തിന്റെ കരാർ അവസാനിച്ചു കൊണ്ട് ഫ്രീ ഏജന്റാവാൻ വിരലിൽ എണ്ണാവുന്ന മാസങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.എന്ത് തീരുമാനമായിരിക്കും താരം കൈക്കൊള്ളുക എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്.പിഎസ്ജിയും റയലും അതിനു വേണ്ടി തന്നെയാണ് കാതോർക്കുന്നത്.

ഏതായാലും എംബപ്പേയുടെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകൾ പിഎസ്ജിയുടെ പരിശീലകനായ മൗറീസിയോ പോച്ചെട്ടിനോ പങ്കുവെച്ചിട്ടുണ്ട്.എംബപ്പേയിപ്പോൾ ഒരു പിഎസ്ജി താരമാണെന്നും ദീർഘകാലം അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നുമാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം EFE ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പിഎസ്ജിയുടെ പരിശീലകൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കിലിയൻ എംബപ്പേയെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾക്ക് ആവശ്യമാണ് എന്നുള്ളത് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ താരമാണ്. ഇനി ദീർഘകാലം അദ്ദേഹം പിഎസ്ജിയിൽ തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾ എംബപ്പേയുടെ വാക്കുകളെയാണ് ശ്രദ്ധിക്കേണ്ടത്. ഒരു തീരുമാനം എടുക്കാനുള്ള ഉചിതമായ സമയം ഇതല്ലെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രസ്താവനക്ക് വേണ്ടി നിങ്ങൾ കാത്തിരിക്കൂ.ബാക്കിയെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണ്.നിലവിൽ ഇപ്പോഴത്തെ കാര്യങ്ങളിൽ മാത്രമാണ് എംബപ്പേ ശ്രദ്ധ ചെലുത്തുന്നത്. ഒരു വ്യക്തിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഗുണമാണത് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്.

നിലവിൽ പരിക്കിന്റെ പ്രശ്നങ്ങളുള്ള താരമാണ് എംബപ്പേ. യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയുള്ള ആദ്യപാദ പ്രീക്വാർട്ടർ മത്സരത്തിൽ പിഎസ്ജിയുടെ വിജയഗോൾ നേടിയത് എംബപ്പേയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *