തന്റെ സ്ഥാനം തെറിച്ചതിന് പിന്നിൽ എംബപ്പേയോ? തുറന്ന് പറഞ്ഞ് പോച്ചെട്ടിനോ!

കഴിഞ്ഞ മാസമായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തങ്ങളുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ പുറത്താക്കിയത്. തുടർന്ന് ക്രിസ്റ്റോഫ് ഗാൾട്ടിയറെ നിയമിക്കുകയും ചെയ്തു.എന്നാൽ പോച്ചെട്ടിനോയുടെ സ്ഥാനം തെറിക്കാൻ പ്രധാനമായും കാരണമായത് സൂപ്പർ താരം കിലിയൻ എംബപ്പേയാണ് എന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം ശക്തമായിരുന്നു.എന്നാൽ എംബപ്പേ തന്നെ ഇത് നിരസിച്ചിരുന്നു.

ഏതായാലും കഴിഞ്ഞ ദിവസം അർജന്റൈൻ മാധ്യമമായ ഇൻഫോബിക്ക് നൽകിയ അഭിമുഖത്തിൽ പോച്ചെട്ടിനോയോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ എംബപ്പേയാണ് ഇതിന് പിന്നിലെന്ന് താൻ കരുതുന്നില്ല എന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. പ്രസിഡന്റ് ഉൾപ്പെടെയുള്ള അധികാരികളാണ് തീരുമാനം കൈക്കൊണ്ടതൊന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. പോച്ചെട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേയെ നിലനിർത്താൻ വേണ്ടി പിഎസ്ജി സാധ്യമായതെല്ലാം ചെയ്തിരുന്നു.ഞാൻ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് കിലിയൻ എംബപ്പേ.അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിലനിർത്താൻ വേണ്ടി പിഎസ്ജി എല്ലാ വിഭവങ്ങളും ഉപയോഗിച്ചു എന്നുള്ളത് ശരി തന്നെയാണ്.പക്ഷെ എംബപ്പേയാണ് പുതിയ പ്രോജക്ടിന്റെ പിന്നിലെന്ന് ഞാൻ കരുതുന്നില്ല.പ്രസിഡന്റ് ഉൾപ്പെടെയുള്ള ക്ലബ്ബ് അധികാരികളാണ് പുതിയ പരിശീലകന് കീഴിൽ പ്രൊജക്റ്റ് വേണമെന്ന് തീരുമാനമെടുത്തത് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.

നിലവിൽ പോച്ചെട്ടിനോ ഫ്രീ ഏജന്റാണ്. വരുന്ന സീസണിൽ അദ്ദേഹം ഏതെങ്കിലും ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് എത്തുമോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *