ഡ്രസിങ് റൂമിൽ വെച്ച് കാമ്പോസുമായി പ്രശ്നങ്ങളുണ്ടായി: തുറന്നുപറഞ്ഞ് നെയ്മർ

കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ പിഎസ്ജിക്ക് ഒരു ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മൊണാക്കോ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ഇതിനുശേഷം പിഎസ്ജിയുടെ ഡ്രസ്സിംഗ് റൂമിൽ വെച്ച് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സൂപ്പർ താരം നെയ്മർ ജൂനിയറും പിഎസ്ജിയുടെ സ്പോർട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസും തമ്മിലായിരുന്നു വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്.

ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.മാത്രമല്ല സഹതാരങ്ങളുമായും നെയ്മർ തർക്കത്തിൽ ഏർപ്പെട്ടു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ നെയ്മറോട് ചോദിക്കപ്പെട്ടിരുന്നു.ഇങ്ങനെ തർക്കങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നുള്ള കാര്യം നെയ്മർ ജൂനിയർ ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്.എന്നാൽ അതിനുള്ള ഒരു വിശദീകരണവും അദ്ദേഹം നൽകിയിട്ടുണ്ട്.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.

” ശരിയാണ്.. ഒരു ചർച്ച ഡ്രസിങ് റൂമിൽ വെച്ച് നടന്നിരുന്നു..പക്ഷേ ഇതൊക്കെ സ്വാഭാവികമായും സംഭവിക്കുന്നതാണ്.സ്നേഹം ഉള്ളിടത്ത് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ടാവും. എന്റെ ഗേൾഫ്രണ്ടിനോട് ചിലപ്പോൾ തർക്കങ്ങൾ ഒക്കെ ഉണ്ടാവാറുണ്ട്.അതുപോലെതന്നെയാണ് ഇതും. തീർച്ചയായും എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്.ഞങ്ങൾക്ക് പരാജയം എന്നുള്ളത് പരിചിതമായ കാര്യമല്ല. അതുകൊണ്ടുതന്നെ പരാജയപ്പെടുമ്പോൾ അത് ഞങ്ങളെ വളരെയധികം അസ്വസ്ഥപ്പെടുത്തും.ഞങ്ങൾക്ക് ഇമ്പ്രൂവ് ആവാനുള്ള പ്രക്രിയയുടെ ഭാഗമാണ് ഇതെല്ലാം. ലോക്കർ റൂമിലെ ചില കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തേക്ക് വിടുന്നത് നുണയായി കൊണ്ടാണ്.പുറത്തേക്ക് വന്ന ചില വാർത്തകൾ മാത്രമാണ് സത്യം. ബാക്കിയുള്ള ഭൂരിഭാഗവും വ്യാജമാണ് ” ഇതാണ് നെയ്മർ ജൂനിയർ ഈ വിഷയത്തിൽ വിശദീകരണം നൽകിയിട്ടുള്ളത്.

ഏതായാലും നെയ്മറുടെ കാര്യത്തിൽ പിഎസ്ജി അസംതൃപ്തരാണ് എന്നുള്ള റിപ്പോർട്ടുകളും സജീവമാണ്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ഒഴിവാക്കാൻ പിഎസ്ജി ആലോചിക്കുന്നുണ്ട്. എന്നാൽ നെയ്മറെ ഒഴിവാക്കുക എന്നുള്ളത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *