ഡ്യൂപ്ലിക്കേറ്റ് കറൻസികൾ എറിയും,71ആം നമ്പർ ജേഴ്സി ധരിക്കും:ഡോണ്ണാരുമക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ മിലാൻ ആരാധകർ!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇറ്റാലിയൻ കരുത്തരായ Ac മിലാനാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക. മിലാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് AC മിലാൻ പരാജയപ്പെട്ടിരുന്നു.

തന്റെ പഴയ മൈതാനമായ സാൻ സിറോയിലേക്ക് തിരിച്ചെത്തുമ്പോൾ പിഎസ്ജി ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമക്ക് അത്ര ശുഭകരമായ ഒരു വരവേൽപ്പ് ആയിരിക്കില്ല ലഭിക്കുക. ഇറ്റാലിയൻ ഗോൾകീപ്പറായ ഇദ്ദേഹം എസി മിലാനിലൂടെയായിരുന്നു വളർന്നിരുന്നത്. എന്നാൽ 2021ൽ ഫ്രീ ഏജന്റായി കൊണ്ട് ഇദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. മിലാന്റെ കരാർ പുതുക്കാൻ വിസമ്മതിച്ചു കൊണ്ടായിരുന്നു അദ്ദേഹം പിഎസ്ജിയിലേക്ക് പോയത്. കരാർ പുതുക്കാൻ വേണ്ടി മിലാനോട് കൂടുതൽ പണം അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

അതുകൊണ്ടുതന്നെ എസി മിലാൻ ആരാധകർക്ക് ഡോണ്ണാരുമയോട് കടുത്ത ദേഷ്യമുണ്ട്.ഇന്ന് സാൻ സിറോയിലേക്ക് ഈ ഗോൾകീപ്പർ മടങ്ങിയെത്തുമ്പോൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ Ac മിലാൻ ആരാധകർ തീരുമാനിച്ചിട്ടുണ്ട്.ഫേക്ക് ബാങ്ക് നോട്ടുകൾ അഥവാ ഡ്യൂപ്ലിക്കേറ്റ് കറൻസികൾ അദ്ദേഹത്തിന് നേരെ എറിയാനാണ് മിലാൻ അൾട്രാസ് തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല 71 എന്ന രേഖപ്പെടുത്തിയ ടി ഷർട്ട് ധരിക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്. മൂല്യങ്ങൾ ഇല്ലാത്ത മനുഷ്യൻ എന്നാണ് 71 എന്ന സംഖ്യയുടെ അർത്ഥമായി കൊണ്ടു വരുന്നത്.

പിഎസ്ജിയിൽ ചേർന്നതിനുശേഷം രണ്ട് തവണ സാൻ സിറോയിൽ ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടി ഈ ഗോൾകീപ്പർ കളിച്ചിട്ടുണ്ട്. ആ രണ്ടുതവണയും ഇറ്റാലിയൻ ആരാധകരിൽ നിന്നും അദ്ദേഹത്തിന് കൂവലുകൾ നൽകേണ്ടി വന്നിരുന്നു. ഏതായാലും ഇന്നത്തെ മത്സരത്തിലും അദ്ദേഹത്തെ മിലാൻ ആരാധകർ കൂവി വിളിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *