ഞാൻ എല്ലാം പിഎസ്ജിക്കായി സമർപ്പിക്കും : ചരിത്രനേട്ടത്തിന് പിന്നാലെ എംബപ്പേ പറയുന്നു!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി മൊണാക്കോയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പിഎസ്ജിയുടെ രണ്ട് ഗോളുകളും നേടിയത് സൂപ്പർ താരം എംബപ്പേയായിരുന്നു.ആദ്യം പെനാൽറ്റിയിലൂടെയും പിന്നീട് മെസ്സിയുടെ അസിസ്റ്റലൂടെയുമാണ് എംബപ്പേ ഗോൾ സ്വന്തമാക്കിയത്.
ഈ ഗോളോട് കൂടി ഒരു ചരിത്രം നേട്ടം സ്വന്തമാക്കാൻ എംബപ്പേക്ക് സാധിച്ചിരുന്നു.100 ഗോളുകൾ ലീഗ് വണ്ണിൽ പൂർത്തിയാക്കാൻ എംബപ്പേക്ക് സാധിച്ചു.ഒരു ടീമിന് വേണ്ടി ടോപ് ഫ്ലൈറ്റിൽ ഒരു ലീഗിൽ 100 ഗോളുകൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് എംബപ്പേ സ്വന്തമാക്കിയത്. 100 ഗോളുകൾ പൂർത്തിയാക്കുമ്പോൾ എംബപ്പേയുട പ്രായം വെറും 22 വർഷവും 357 ദിവസവുമാണ്.
ഏതായാലും പിഎസ്ജിയുടെ വിജയത്തിൽ എംബപ്പേ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ടീമിനായി താൻ എല്ലാം സമർപ്പിക്കുമെന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Kylian Mbappé scores his 100th Ligue 1 goal for PSG.
— B/R Football (@brfootball) December 12, 2021
Still only 22 😤 pic.twitter.com/i6ajplrEeb
“ഞാൻ കളിക്കാൻ ഇഷ്ടപ്പെടുന്നു.ഓരോ മത്സരത്തിലും കളത്തിൽ ഉണ്ടായിരിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു.ഇന്ന് വീണ്ടും കളിക്കാനായതിലും ടീമിനെ സഹായിക്കാനായതിലും എനിക്ക് സന്തോഷമുണ്ട്.ഈ വർഷം അവശേഷിക്കുന്ന മത്സരങ്ങൾ എല്ലാം തന്നെ കളിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എനിക്ക് മൊണാക്കോയിലും മികച്ച സമയമായിരുന്നു ഉണ്ടായിരുന്നത്.ഞാൻ അവിടെയാണ് വളർന്നത്.ഒരുപാട് മികച്ച ഓർമ്മകൾ എനിക്കുണ്ട്.പക്ഷേ ആ അദ്ധ്യായം പിന്നിട്ടിരിക്കുന്നു.ഞാൻ ഇപ്പോൾ പിഎസ്ജിക്ക് വേണ്ടിയാണ് കളിക്കുന്നത്. അതിൽ ഞാൻ ഹാപ്പിയാണ്.ഞാൻ എന്റെ എല്ലാം ക്ലബ്ബിന് വേണ്ടി സമർപ്പിക്കും ” എംബപ്പേ പറഞ്ഞു.
നിലവിൽ മികച്ച ഫോമിലാണ് എംബപ്പേ ലീഗ് വണ്ണിൽ കളിക്കുന്നത്.9 ഗോളുകളും 8 അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു.