ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാവും : നെയ്മർക്ക്‌ പിന്തുണമായി തിയാഗോ സിൽവ!

ദിവസങ്ങൾക്ക്‌ മുമ്പായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നത്.2022-ലെ വേൾഡ് കപ്പ് ഒരുപക്ഷെ തന്റെ അവസാനത്തെ വേൾഡ് കപ്പായിരിക്കുമെന്നായിരുന്നു നെയ്മർ അറിയിച്ചിരുന്നത്. മാനസികമായ ബുദ്ധിമുട്ടുകളാണ് നെയ്മർ ഇതിന് കാരണമായി ചൂണ്ടി കാണിച്ചിരുന്നത്. ഇപ്പോഴിതാ നെയ്മർക്ക്‌ പൂർണ്ണ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രസീലിയൻ സഹതാരമായ തിയാഗോ സിൽവ. ഞാൻ എപ്പോഴും നിനക്കൊപ്പമുണ്ടാവുമെന്നാണ് സിൽവ അറിയിച്ചിട്ടുള്ളത്.

” ഇവിടെ ബ്രസീലിയൻ ടീമിൽ ഞാനും ഇതിന് സമാനമായ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്.പ്രത്യേകിച്ച് 2014-ലെ വേൾഡ് കപ്പിന് ശേഷമായിരുന്നു എനിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്.പലരും എന്നെ ക്രൈബേബി എന്ന് വിളിച്ചു.മാനസികമായി ഞാൻ വളരെ ദുർബലനാണെന്ന് മുദ്രകുത്തി.തീർച്ചയായും ഇത്തരത്തിലുള്ള വിമർശനങ്ങൾ നിങ്ങളെ വേദനിപ്പിക്കുക തന്നെ ചെയ്യും.നെയ്മറുടെ സന്തോഷം നഷ്ടപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.അദ്ദേഹം എപ്പോഴും ഉള്ള പോലെ ഹാപ്പിയായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.തീർച്ചയായും നെയ്മർ ഒരു പ്രത്യേകതയുള്ള താരമാണ് ” ഇതാണ് സിൽവ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

അതേസമയം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും സിൽവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ” നിനക്കൊപ്പം ഒരു കരുത്തുറ്റ വ്യക്തിയെ ആവിശ്യമാണ് എന്ന് തോന്നുകയാണെങ്കിൽ, തീർച്ചയായും ഞാൻ നിനക്കൊപ്പം ഉണ്ടാവുമെന്ന് നിനക്കറിയാം. സിൽവ ഫാമിലി നിന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട് ” ഇതാണ് സിൽവ കുറിച്ചിരിക്കുന്നത്.

നെയ്മറുടെ ആ പ്രസ്താവനക്ക്‌ ഫുട്ബോൾ ലോകത്ത് നിന്നും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഒരുപാട് പേർ നെയ്മർക്ക്‌ പിന്തുണ അറിയിച്ചപ്പോൾ പലരും നെയ്മറെ വിമർശിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *