ഞാനും എംബപ്പേയും നൂറ് ശതമാനവും പിഎസ്ജിയിൽ തുടരും : ഉറപ്പിച്ച് പറഞ്ഞ് പോച്ചെട്ടിനോ!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കി കൊണ്ട് താരം ക്ലബ്ബിൽ തുടരുമോ അതല്ലെങ്കിൽ ക്ലബ് വിടുമോ എന്നുള്ള കാര്യത്തിൽ എംബപ്പേ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകരുള്ളത്.

അതേസമയം പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ ഈ സീസണിന് ശേഷം ക്ലബ്ബ് പുറത്താക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം സജീവമാണ്.എന്നാൽ തന്റെയും എംബപ്പേയുടെയും കാര്യത്തിൽ ഒരു ഉറച്ച പ്രസ്താവന പരിശീലകനായ പോച്ചെട്ടിനോ ഇപ്പോൾ നടത്തിയിട്ടുണ്ട്. അതായത് താനും കിലിയൻ എംബപ്പേയും നൂറുശതമാനവും പിഎസ്ജിയിൽ തുടരുമെന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പോച്ചെയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ നൂറ് ശതമാനവും പിഎസ്ജിയിൽ തന്നെ തുടരും.എംബപ്പേയുടെ കാര്യവും അങ്ങനെ തന്നെയാണ്.ഇതാണ് എനിക്കിന്ന് ഫീൽ ചെയ്യുന്നത്. ഇന്ന് നിങ്ങളോട് എനിക്ക് പറയാനാവുക ഇത് മാത്രമാണ്. അതിനേക്കാൾ കൂടുതൽ ഒന്നുമില്ല.ഇത് ഫുട്ബോളാണ്. എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്കൊരിക്കലും അറിയില്ല. പക്ഷേ എനിക്കിന്ന് എങ്ങനെയാണ് ഫീൽ ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ മറുപടി പറയാറുള്ളത് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.

ഈ സീസണിലെ ലീഗ് വൺ കിരീടം നേടാൻ പോച്ചെട്ടിനോയുടെ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിക്കൊണ്ട് ഇതിന് ചുക്കാൻ പിടിച്ചത് കിലിയൻ എംബപ്പേയാണ്.

Leave a Reply

Your email address will not be published. Required fields are marked *