ചർച്ച ഫലം കണ്ടു, അടുത്ത മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ച് പിഎസ്ജി ആരാധകർ!

പിഎസ്ജി ആരാധക കൂട്ടായ്മയായ CUP അഥവാ അൾട്രാസ് നിരവധി വിവാദങ്ങളിൽ സമീപകാലത്ത് അകപ്പെട്ടിരുന്നു.പിഎസ്ജിയുടെ ഹെഡ് കോർട്ടേഴ്സിന് മുന്നിൽ ഇവർ നടത്തിയ പ്രതിഷേധം വലിയ വിവാദമായിരുന്നു.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ,മാർക്കോ വെറാറ്റി എന്നിവർക്കെതിരെ ആരാധകർ അധിക്ഷേപങ്ങൾ നടത്തുകയായിരുന്നു.മാത്രമല്ല ഈ മൂന്നു താരങ്ങളോടും ക്ലബ്ബ് വിട്ട് പുറത്തു പോകാൻ ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതിനേക്കാളുപരി വിവാദമായത് നെയ്മർ ജൂനിയറുടെ വീടിന് മുന്നിൽ ഇവർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചതാണ്. വ്യാപകമായ വിമർശനങ്ങളാണ് ഇതിന്റെ പേരിൽ പിഎസ്ജി ആരാധകർക്ക് ലഭിച്ചിരുന്നത്. മാത്രമല്ല ഈ വിഷയത്തിൽ താരങ്ങൾക്ക് പിഎസ്ജി പിന്തുണ പ്രഖ്യാപിക്കുകയും ആരാധകരെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ക്ലബ്ബിന്റെ പിന്തുണ ലഭിക്കാതെ വന്നതോടുകൂടി അൾട്രാസും കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങി.

അതായത് പിഎസ്ജിയുടെ മത്സരങ്ങൾ ബഹിഷ്കരിക്കും എന്ന് തീരുമാനമായിരുന്നു ആരാധക കൂട്ടായ്മ എടുത്തിരുന്നത്. കഴിഞ്ഞ മത്സരം അൾട്രാസ്‌ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ പിഎസ്ജി ക്ലബ്ബ് അധികൃതരും അൾട്രാസ്‌ ലീഡർമാരും തമ്മിൽ ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു.ഈ ചർച്ച ഇപ്പോൾ ഫലം കണ്ടിട്ടുണ്ട്. അടുത്ത മത്സരം മുതൽ പിഎസ്ജിയെ പിന്തുണക്കാൻ വേണ്ടി അൾട്രാസ്‌ ആരാധകർ ഉണ്ടാവും എന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടുത്ത മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ ഓക്സെറെയാണ്. അവരുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരം വിജയിച്ചു കഴിഞ്ഞാൽ പിഎസ്ജിക്ക് കിരീടം ഉറപ്പിക്കാൻ സാധിക്കും. ഈ മത്സരം കാണാൻ വേണ്ടി ഏകദേശം 900 ത്തോളം പിഎസ്ജി ആരാധകർ സ്റ്റേഡിയത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏകദേശം 400 ഓളം ആരാധകർ അൾട്രാസിൽ നിന്ന് ഉണ്ടായിരിക്കും. ഏതായാലും ഒരു തകർപ്പൻ വിജയം നേടിക്കൊണ്ട് ആരാധകരെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളായിരിക്കും പിഎസ്ജി ടീമിന്റെ ഭാഗത്ത് നിന്നുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *