ചിലർ വരും,ചിലർ പോകും : നെയ്മറെ പിഎസ്ജി ഒഴിവാക്കുമെന്ന സൂചന നൽകി ഖലീഫി!

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർക്ക് സമീപകാലത്ത് പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പരിക്ക് അദ്ദേഹത്തിന് വലിയ തടസ്സമാവുകയും ചെയ്തു.പിഎസ്ജി ആരാധകരിൽ നിന്ന് തന്നെ പലപ്പോഴും നെയ്മർക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ നെയ്മറെ പിഎസ്ജി ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു.

ഇപ്പോഴിതാ അത് ശരി വെക്കുന്ന രൂപത്തിലുള്ള പ്രസ്താവനയാണ് പിഎസ്ജി പ്രസിഡന്റായ നാസർ അൽ ഖലീഫി നടത്തിയിട്ടുള്ളത്.നെയ്മർ ക്ലബ് വിടുമോ എന്ന ചോദ്യത്തിനുത്തരമായി ചിലർ വരും,ചിലർ പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം മാർക്കയോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

“അടുത്ത സീസണിൽ നെയ്മർ പിഎസ്ജി പ്രൊജക്റ്റിന്റെ ഭാഗമായിരിക്കുമോ എന്നതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാനാവില്ല. പക്ഷേ ചില ക്ലബ്ബിലേക്ക് വരും, ചിലർ ക്ലബ് വിടും. പക്ഷേ ഇതെല്ലാം സ്വകാര്യമായി കൊണ്ടാണ് ചർച്ചകൾ നടത്തുക ” ഇതാണ് ഖലീഫി പറഞ്ഞിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഒരു റിപ്പോർട്ട് ഫൂട്ട്മെർക്കാറ്റോയുടെ പ്രമുഖ ജേണലിസ്റ്റായ സാന്റി ഔന പുറത്തുവിട്ടിട്ടുണ്ട്. അതായത് നെയ്മർ ജൂനിയറെ ഒഴിവാക്കാൻ ക്ലബ്ബിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടറായ കാമ്പോസിന് താല്പര്യമുണ്ട്. മാത്രമല്ല ക്ലബ് അധികൃതർക്ക് ഈ കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടുതന്നെ നെയ്മർക്ക് വേണ്ടി പിഎസ്ജി ഒരു വില നിശ്ചയിച്ചിട്ടുണ്ട്.

2025 വരെയാണ് നെയ്മർക്ക് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നത്. അനുയോജ്യമായ ഓഫർ വന്നാൽ ഈ സമ്മറിൽ തന്നെ നെയ്മറെ പിഎസ്ജി ഒഴിവാക്കും. പക്ഷേ താരത്തിന്റെ 30 മില്യൺ യൂറോയോളം വരുന്ന സാലറി ആര് നൽകാൻ തയ്യാറാകും എന്നുള്ളതാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചോദ്യചിഹ്നം.

Leave a Reply

Your email address will not be published. Required fields are marked *