ഗ്രൗണ്ടിലേക്ക് പടക്കമെറിഞ്ഞു, ഗോൾകീപ്പർക്ക് പരിക്കേറ്റു,ലീഗ് വൺ മത്സരം ഉപേക്ഷിച്ചു.
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ക്ലെർമോന്റ് ഫുട്ടും മോന്റ്പെല്ലിയറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മോന്റ്പെല്ലിയറിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് മോന്റ്പെല്ലിയർ മത്സരത്തിൽ മുന്നിട്ടു നിന്നിരുന്നു.എന്നാൽ ഈ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഒരു അനിഷ്ട സംഭവം അരങ്ങേറിയത്. ആരാധകർ മൈതാനത്തേക്ക് കരിമരുന്ന് അഥവാ പടക്കം എറിയുകയായിരുന്നു. അതിന്റെ പരിണിതഫലമായി കൊണ്ട് ക്ലെർമോന്റ് ഗോൾ കീപ്പറായ മോറി ഡിയാവിന് പരിക്കേൽക്കുകയായിരുന്നു. ആദ്യം മൈതാനത്ത് അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകുകയായിരുന്നു. അതിനുശേഷം സ്ട്രക്ചറിൽ അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടു പോയി.
An unfortunate ending to the Montpellier vs Clermont match 😔
— Football is Life (@futball_is_life) October 8, 2023
The match has been abandoned after goalkeeper Mory Diaw was stunned by a firework thrown from the crowd. The Senegalese goalkeeper had to be stretched off. pic.twitter.com/LMbmSPz32q
ഈ അനിഷ്ട സംഭവത്തെ തുടർന്ന് രണ്ട് ടീമിന്റെയും താരങ്ങൾ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് മത്സരം ഉപേക്ഷിക്കാനുള്ള ഒരു തീരുമാനം ഫ്രഞ്ച് ലീഗ് അധികൃതർ എടുക്കുകയായിരുന്നു. എന്നാൽ ഈ മത്സരം വീണ്ടും നടത്തപ്പെടുന്നു, അതോ ലീഡ് ഉണ്ടായിരുന്ന മോന്റ്പെല്ലിയർ വിജയിച്ചതായി കൊണ്ട് ഫ്രഞ്ച് ലീഗ് പ്രഖ്യാപിക്കുമോ എന്നുള്ളതൊന്നും വ്യക്തമല്ല. മത്സരം അവസാനിക്കാൻ കേവലം മിനിറ്റുകൾ മാത്രം അവശേഷിക്കെയാണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നിട്ടുള്ളത്.
ഫുട്ബോൾ ലോകത്ത് ഇത് പുതിയ സംഭവം ഒന്നുമല്ല. നേരത്തെ ഡച്ച് ലീഗിൽ അയാക്സിന്റെ മത്സരങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഫുട്ബോൾ ലോകത്ത് ആരാധകരുടെ അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.