ഗോളടിമേളം തീർത്തിരുന്ന ഒരു മിന്നും താരത്തെയാണ് ഞങ്ങൾക്ക് നഷ്ടമായത് :എംബപ്പേ പോയതിനെ കുറിച്ച് ഡെമ്പലെ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ ലെ ഹാവ്രയെ പരാജയപ്പെടുത്തിയത്.കാങ് ലി,ഡെമ്പലെ,ബാർക്കോള,കോലോ മുവാനി എന്നിവരാണ് ഗോളുകൾ നേടിയത്. പോർച്ചുഗീസ് താരമായ ജോവോ നെവസ് ഇരട്ട അസിസ്റ്റുകൾ നേടിയപ്പോൾ ഒരു അസിസ്റ്റ് മറ്റൊരു പോർച്ചുഗീസ് താരമായ ഗോൺസാലോ റാമോസിന്റെ വകയായിരുന്നു. പിന്നീട് റാമോസ് പരിക്ക് മൂലം പുറത്തായത് ക്ലബ്ബിന് തിരിച്ചടി ഏൽപ്പിക്കുകയും ചെയ്തു.
സൂപ്പർ താരം കിലിയൻ എംബപ്പേ ക്ലബ്ബ് വിട്ടതിനുശേഷമുള്ള ആദ്യത്തെ ഒഫീഷ്യൽ മത്സരമാണ് ഇപ്പോൾ പിഎസ്ജി കളിച്ചിട്ടുള്ളത്.താരത്തിന്റെ അഭാവത്തിലും മികച്ച വിജയം നേടാൻ കഴിഞ്ഞു എന്നത് പിഎസ്ജിക്ക് സന്തോഷം നൽകുന്ന കാര്യമാണ്.എംബപ്പേയുടെ അഭാവത്തെക്കുറിച്ച് ചില കാര്യങ്ങൾ ഡെമ്പലെ പറഞ്ഞിട്ടുണ്ട്. ഒരുപാട് ഗോളുകൾ നേടിയിരുന്ന ഒരു മികച്ച താരത്തെയാണ് തങ്ങൾക്ക് നഷ്ടമായതെന്നും അതുകൊണ്ടുതന്നെ ഇത്തവണ എല്ലാവരും കൂടുതൽ ഗോളുകൾ നേടേണ്ടതുണ്ട് എന്നുമാണ് ഡെമ്പലെ പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ സീസണിൽ എല്ലാവരും കൂടുതൽ ഗോളുകൾ നേടുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തെന്നാൽ ഒരുപാട് ഗോളുകൾ നേടിയിരുന്ന ഒരു മികച്ച താരത്തെയാണ് ഞങ്ങൾക്ക് നഷ്ടമായിട്ടുള്ളത്.അതുകൊണ്ടുതന്നെ എല്ലാ മുന്നേറ്റ നിര താരങ്ങളും കൂടുതലായിട്ട് ഇനി ടീമിന് കോൺട്രിബ്യൂട്ട് ചെയ്യേണ്ടതുണ്ട്. ഞങ്ങൾക്ക് നഷ്ടമായത് വളരെ പ്രധാനപ്പെട്ട ഒരു താരത്തെയാണ്. അത് മനസ്സിലാക്കിക്കൊണ്ട് ഇനി ഞങ്ങൾ കളിക്കണം ‘ ഇതാണ് ഡെമ്പലെ പറഞ്ഞിട്ടുള്ളത്.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും പ്രധാനപ്പെട്ട ചില താരങ്ങളെ ക്ലബ്ബ് കൊണ്ടുവന്നിട്ടുണ്ട്.ജോവോ നെവസ് തന്റെ ആദ്യ മത്സരത്തിൽ തന്നെ ഗംഭീര പ്രകടനം പുറത്തെടുത്തത് ക്ലബ്ബിന് സന്തോഷം നൽകുന്ന കാര്യമാണ്. ഇനി അടുത്ത മത്സരത്തിൽ മോന്റ്പെല്ലിയറാണ് പിഎസ്ജിയുടെ എതിരാളികൾ.ഓഗസ്റ്റ് 23 ആം തീയതിയാണ് ആ മത്സരം നടക്കുക.