ഖലീഫി കലിപ്പിൽ,എംബപ്പേക്ക് സാലറി നൽകാതെ PSG, നിയമ യുദ്ധത്തിന് വഴി തെളിയുന്നു!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹം ക്ലബ്ബ് വിട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല.സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്കാണ് അദ്ദേഹം പോകുന്നത്.ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടായേക്കും.എംബപ്പേയെ പോലെയൊരു താരത്തെ ട്രാൻസ്ഫർ തുക നൽകാതെ ലഭിക്കുന്നു എന്നത് റയലിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
എന്നാൽ പിഎസ്ജിക്ക് ഇത് വലിയ നഷ്ടമാണ്.എംബപ്പേ ഫ്രീയായി കൊണ്ട് ക്ലബ്ബ് വിടുന്നതിൽ അവരുടെ പ്രസിഡന്റായ നാസർ അൽ ഖലീഫി കടുത്ത ദേഷ്യത്തിലാണ്. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ഖലീഫിയുടെ കലിപ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല. താരം ഫ്രീയായി കൊണ്ട് പോകുന്നതിനുള്ള മറുപണിയായി കൊണ്ട് ഖലീഫി എംബപ്പേക്ക് സാലറി നൽകിയിട്ടില്ല.

അതായത് ഏപ്രിൽ മാസത്തെ എംബപ്പേയുടെ സാലറിയാണ് പിഎസ്ജി തടഞ്ഞ് വെച്ചിരിക്കുന്നത്. ഇതിന് പുറമെ ഫെബ്രുവരിയിൽ എംബപ്പേക്ക് ലഭിക്കേണ്ട ബോണസും അവർ നൽകിയിട്ടില്ല. ഏകദേശം 80 മില്യൺ യൂറോയോളം ഇപ്പോൾ എംബപ്പേക്ക് പിഎസ്ജിയിൽ നിന്നും ലഭിക്കാനുണ്ട്.ഇത് ക്ലബ്ബ് നൽകിയിട്ടില്ല. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.
പിഎസ്ജി ഇത് നൽകാത്തത് കൊണ്ട് എംബപ്പേ നിയമ യുദ്ധത്തിനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ വക്കീലുമാർ ഇതിൽ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്.പിഎസ്ജി ഈ തുക നൽകാൻ തയ്യാറായിട്ടില്ലെങ്കിൽ കേസ് നൽകാൻ തന്നെയാണ് എംബപ്പേയുടെ ക്യാമ്പ് തീരുമാനിച്ചിരിക്കുന്നത്.കേസ് നൽകിക്കഴിഞ്ഞാൽ അത് തീർച്ചയായും പിഎസ്ജിയെ തന്നെയാണ് ബാധിക്കുക. എന്തെന്നാൽ കരാർ പ്രകാരം എംബപ്പേക്ക് ലഭിക്കേണ്ട തുകയാണ് പിഎസ്ജി ഇപ്പോൾ തടഞ്ഞു വെച്ചിരിക്കുന്നത്.