ക്ലബ്ബ് ആദരിച്ചില്ലെന്ന മെസ്സിയുടെ പരാതി,പിഎസ്ജിക്കൊപ്പം നിന്ന് മെസ്സിയുടെ മുൻ അർജന്റൈൻ സഹതാരം.
പുതുതായി നൽകിയ അഭിമുഖത്തിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ മുൻ ക്ലബ്ബായ പിഎസ്ജിക്കെതിരെ ഒരു പരാതി ആരോപിച്ചിരുന്നു. അതായത് വേൾഡ് കപ്പ് ചാമ്പ്യനായതിനുശേഷം പിഎസ്ജി തനിക്ക് അർഹമായ രീതിയിലുള്ള ഒരു ആദരവ് തന്നില്ല എന്നായിരുന്നു ലയണൽ മെസ്സിയുടെ പരാതി. എന്നാൽ ഇതിനുള്ള മറുപടി പിഎസ്ജിയുടെ പ്രസിഡന്റ് ആയ നാസർ അൽ ഖലീഫി നൽകുകയും ചെയ്തിരുന്നു.പിഎസ്ജി ഒരു ഫ്രഞ്ച് ക്ലബ്ബ് ആണെന്നും ഇവിടുത്തെ ആരാധകരെയും മറ്റു ഫ്രഞ്ച് താരങ്ങളെയും തങ്ങൾ പരിഗണിക്കേണ്ടതുണ്ട് എന്നുമായിരുന്നു നാസർ അൽ ഖലീഫി പറഞ്ഞിരുന്നത്.
ഏതായാലും ഈ വിഷയത്തിൽ ഫുട്ബോൾ ലോകത്ത് ഇപ്പോഴും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ലയണൽ മെസ്സിക്കൊപ്പം അർജന്റീന ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ് ഹവിയർ പാസ്റ്റോറെ. മാത്രമല്ല ദീർഘകാലം പിഎസ്ജിക്ക് വേണ്ടി ഇദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ അദ്ദേഹം പിഎസ്ജിയെ പിന്തുണക്കുകയാണ് ചെയ്തിട്ടുള്ളത്.മുൻ അർജന്റൈൻ താരം ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ള വാക്കുകൾ ഇങ്ങനെയാണ്.
Javier Pastore a réagi aux critiques de Lionel Messi contre le PSG concernant la célébration de son titre de champion du monde avec l’Argentine.https://t.co/8EkgnQzJbe
— RMC Sport (@RMCsport) September 24, 2023
” ഞാൻ ലയണൽ മെസ്സിയോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.പക്ഷേ ഇതൊരു സാധാരണ സംഭവം മാത്രമാണ്.ഫൈനലിൽ പരാജയപ്പെട്ട രാജ്യത്ത് വച്ച് ഒരു വേൾഡ് ചാമ്പ്യനെ ആഘോഷിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫ്രാൻസ് എന്ന രാജ്യത്തിനും പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന ഫ്രഞ്ച് താരങ്ങൾക്കും ഒരു മോശം നിമിഷം സമ്മാനിക്കാതിരിക്കുക എന്നത് പിഎസ്ജി ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പക്ഷേ ഓരോ താരത്തിനും അവരുടേതായ അഭിപ്രായസ്വാതന്ത്ര്യങ്ങൾ ഉണ്ട്. സത്യം പറഞ്ഞാൽ ക്ലബ്ബിനകത്ത് എന്താണ് സംഭവിക്കുന്നത് എന്നത് കൃത്യമായി എനിക്കറിയില്ല.കാരണം കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ക്ലബ്ബിൽ ഇല്ലല്ലോ.ഞാൻ പാരീസിൽ മെസ്സിയുടെ സഹതാരമായിരുന്നില്ല. ഇത് മെസ്സിയും ക്ലബ്ബും തമ്മിലുള്ള പ്രശ്നമാണ് ” ഇതാണ് പാസ്റ്റോറെ പറഞ്ഞിട്ടുള്ളത്.
ഏതായാലും ലയണൽ മെസ്സി പിഎസ്ജിയിൽ ഒട്ടും ഹാപ്പി ആയിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ അമിമുഖങ്ങളിൽ നിന്നും വളരെ വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചതും. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ് മെസ്സി.