കുറച്ച് വ്യക്തികൾ മാത്രം, യാതൊരു ഒത്തൊരുമയുമില്ല:പിഎസ്ജിക്കെതിരെ വിമർശനവുമായി പാബ്ലോ സറാബിയ!

ഫുട്ബോൾ ലോകത്ത് നിരവധി സൂപ്പർ താരങ്ങളാൽ സമ്പുഷ്ടമാണ് പിഎസ്ജി ടീം. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും സെർജിയോ റാമോസുമൊക്കെ പിഎസ്ജിയുടെ താരങ്ങളാണ്. പക്ഷേ ഒരുപാട് സൂപ്പർതാരങ്ങൾ ഉണ്ടായതുകൊണ്ട് മാത്രം എവിടെയും എത്തില്ല എന്നുള്ളത് ഒരിക്കൽ കൂടി തെളിയുകയാണ്.ഇത്തവണയും ചാമ്പ്യൻസ് ലീഗിൽ നിന്ന് നേരത്തെ പിഎസ്ജി പുറത്തായിരുന്നു.

ഏതായാലും ഈ വിഷയത്തിൽ തന്റെ മുൻ ക്ലബ്ബായ പിഎസ്ജിക്കെതിരെ പാബ്ലോ സറാബിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതായത് കുറച്ച് വ്യക്തികൾ മാത്രമാണ് പിഎസ്ജിയിൽ ഉള്ളതെന്നും അവർ തമ്മിൽ യാതൊരുവിധ ഒത്തൊരുമകളും ഇല്ല എന്നുമാണ് സറാബിയ ആരോപിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എംബപ്പേ,നെയ്മർ,മെസ്സി എന്നിവർക്കൊപ്പം കളിക്കാൻ കഴിഞ്ഞത് അത്ഭുതകരമായ ഒരു കാര്യമാണ്.മാത്രമല്ല അത് മികച്ച ഒരു അനുഭവമാണ്.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഒരു ടീം എന്ന നിലയിൽ യോജിപ്പുള്ള ക്ലബ്ബിൽ തുടരുക എന്നുള്ളതാണ്.നല്ല ഒത്തൊരുമയുള്ള ഒരു ക്ലബ്ബിൽ തുടരാനാണ് ഞാൻ മുൻഗണന നൽകുന്നത്. കേവലം കുറച്ച് വ്യക്തികൾ മാത്രമുള്ള ക്ലബ്ബിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് ഒരു കുടുംബം പോലെയുള്ള ക്ലബ്ബാണ് എനിക്കിഷ്ട്ടം ” ഇതാണ് സെറാബിയ ടെലിഗ്രാഫിനോട് പറഞ്ഞിട്ടുള്ളത്.

2019 മുതൽ 2023 വരെ പിഎസ്ജിയുടെ ഭാഗമായിരുന്ന താരമാണ് സറാബിയ. എന്നാൽ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിട്ട്.നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിന് വേണ്ടിയാണ് സറാബിയ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *