കഴിഞ്ഞ സീസണിൽ ഇല്ലാത്ത ഒരു കാര്യം ഇപ്പോൾ പിഎസ്ജിക്കുണ്ട് : പ്രശംസിച്ച് എതിർ ടീം പരിശീലകൻ !

ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മോന്റ്പെല്ലിയറിനെതിരെ മിന്നുന്ന വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്ജി എതിരാളികളെ തകർത്തുവിട്ടത്. സൂപ്പർ താരം നെയ്മർ ജൂനിയർ ഒരിക്കൽ കൂടി ഇരട്ട ഗോളുകൾ നേടി കൊണ്ട് തിളങ്ങുകയായിരുന്നു.

പോച്ചെട്ടിനോ പരിശീലിപ്പിച്ചിരുന്ന കഴിഞ്ഞ സീസണിൽ നിന്നും വിഭിന്നമായി ഈ സീസണിൽ ഗാൾട്ടീർക്ക് മികച്ച പ്രകടനമാണ് പിഎസ്ജി നടത്തുന്നത്. ഈ മികവിനെ ഇപ്പോൾ മോന്റ്പെല്ലിയർ പരിശീലകനായ ഡാൾ ഓഗ്ലിയോ പ്രശംസിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഇല്ലാത്ത ഒരു ഒത്തൊരുമ ഇപ്പോൾ പിഎസ്ജിക്കുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” അവരുടെ താരങ്ങൾ തമ്മിൽ ഒരുപാട് കണക്ഷൻ ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു.ഒത്തൊരുമയോടുകൂടി കളിക്കാൻ അവർ അത്രയധികം ആഗ്രഹിക്കുന്നുണ്ട്. ഈ ലെവലിലുള്ള താരങ്ങൾ, ഇങ്ങനെ ഒത്തൊരുമയോടുകൂടി കളിച്ചു കഴിഞ്ഞാൽ അത് അസാധാരണമാണ്.അവർ ഒരുമിച്ച് അധ്വാനിക്കുന്നുണ്ട്.അതാണ് വ്യത്യാസം. ഒരുപക്ഷേ കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ ഇല്ലാതിരുന്നത് ടീമിന്റെ ഈ ഒത്തൊരുമയായിരുന്നു. വളരെയധികം ആത്മാർത്ഥതയോടെ കൂടിയാണ് അവരുടെ ടീം ഒന്നടങ്കം കളിച്ചിട്ടുള്ളത് ” ഇതാണ് മോന്റ്പെല്ലിയറിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഗാൾട്ടീർക്ക് ഉജ്ജ്വല ഫോമിലാണ് പിഎസ്ജി കളിച്ചുകൊണ്ടിരിക്കുന്നത്. ആകെ കളിച്ച മൂന്ന് ഒഫീഷ്യൽ മത്സരങ്ങളിലും വിജയം നേടാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മത്സരങ്ങളിൽ നിന്ന് ആകെ 14 ഗോളുകൾ നേടിയപ്പോൾ രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *