കളി കൈവിട്ടാൽ എതിരാളികളുടെ മെക്കിട്ട് കയറുന്നു, റെഡ് കാർഡ് വാങ്ങുന്നത് പതിവാക്കി PSG താരങ്ങൾ!

കളിയിൽ മേൽക്കൈ നേടാൻ കഴിയാതെ വരുമ്പോൾ പരുക്കൻ അടവുകൾ പുറത്തെടുക്കുകയും റെഡ്കാർഡ് വാങ്ങുകയും ചെയ്യുന്നത് പ്രഫഷണൽ താരങ്ങൾക്ക് ഭൂഷണമായ കാര്യമല്ല. അത്തരം നടപടികൾ സ്വന്തം ടീമിനെ കുഴപ്പത്തിലാക്കാൻ മാത്രമേ സഹായിക്കൂ. PSGയുടെ താരങ്ങൾ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ചെയ്തു കൊണ്ടിരിക്കുന്നത് ഇതാണ്. കളി സ്വന്തം ടീമിൻ്റെ വരുതിയിൽ അല്ലെങ്കിൽ അവർ നിരാശരാവുന്നു, നിയന്ത്രണം വിടുന്നു, എതിരാളികൾക്ക് മേൽ പരുക്കൻ അടവുകൾ പുറത്തെടുക്കുന്നു, മാർച്ചിംഗ് ഓർഡർ വാങ്ങി കളം വിടുന്നു! ഇതിലൂടെ സ്വന്തം ടീമിൻ്റെ തിരിച്ചുവരവിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ് അവർ ചെയ്യുന്നത്!

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദ മത്സരത്തിൽ സിറ്റി 2-1ന് മുന്നിൽ നിൽക്കുമ്പോഴാണ് കെവിൻ ഡിബ്രൂയനെയെ ഫൗൾ ചെയ്ത് ഇദിരിസെ ഗുയെ റെഡ് കാർഡ് കണ്ട് പുറത്ത് പോയത്. തുടർന്ന് മത്സരത്തിൻ്റെ അവസാന പതിനഞ്ച് മിനുട്ടോളം സമയം 10 പേരുമായി കളിക്കേണ്ടി വന്നത് PSGയുടെ തിരിച്ച് വരവിനുള്ള സാധ്യതകൾ ഇല്ലാതാക്കി. ഈ മത്സരത്തിൻ്റെ റിട്ടേൺ ലെഗ്ഗിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് PSG പുറകിൽ നിൽക്കെ ഫെർണാണ്ടീഞ്ഞോയുമായി അനാവശ്യ പ്രശ്നങ്ങളുണ്ടാക്കി ആൻഹൽ ഡി മരിയ റെഡ് കാർഡ് വാങ്ങി പുറത്ത് പോയി. തുടർന്ന് കളിയുടെ അവസാന ഇരുപത് മിനുട്ടുകളിലധികം സമയം അവർക്ക് 10 പേരുമായിട്ട് കളിക്കേണ്ടി വന്നു. ദ്വിപാദ സെമി ഫൈനലിൽ 180 മിനുട്ട് കളി നടന്നതിൽ അരമണിക്കൂറിൽ അധികം സമയം പത്തുപേരുമായിട്ടാണ് തങ്ങൾ കളിച്ചതെന്നും അത് ടീമിന് തിരിച്ചടി ആയി എന്നും മത്സരശേഷം PSG പരിശീലകൻ മൗറീസിയോ പൊച്ചെറ്റീനോ പറയുകയും ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും പാഠം പഠിക്കാത്ത PSG താരങ്ങൾ ഇന്ന് പുലർച്ചെ നടന്ന ലീഗ് വൺ മത്സരത്തിലും ഇതേ സംഭവങ്ങൾ ആവർത്തിച്ചിരിക്കുകയാണ്.

കിരീടസാധ്യത നിലനിർത്താൻ അവർക്ക് റെന്നെസിനെ തോൽപ്പിക്കണമായിരുന്നു. പക്ഷേ മത്സരം 1 -1 എന്ന സ്കോറിൽ സമനിലയിൽ നിൽക്കവെ എൺപത്തിയേഴാം മിനുട്ടിൽ PSG ഡിഫൻ്റർ പ്രസ്നൽ കിംപെമ്പെ റെഡ്കാർഡ് വാങ്ങി പുറത്ത് പോയി. റെന്നസ് താരം ജെറെമി ഡോക്കുവിനെ അനാവശ്യമായി ടാക്കിൾ ചെയ്ത് മാർച്ചിംഗ് ഓർഡർ വാങ്ങിയ PSG സെൻ്റർ ബാക്ക് അവരുടെ ഈ സീസണിൻ്റെ പ്രതീകമാണ്! ഏറെ മോഹിച്ച ചാമ്പ്യൻസ് ലീഗിൽ സെമിയിൽ പുറത്ത്, സ്ഥിരമായി കൈവശം വെക്കാറുള്ള ലീഗ് വൺ കിരീടം ഏതാണ്ട് കൈവിട്ട മട്ടിലും. PSG താരങ്ങളും അധികൃതരും ആരാധകരുമെല്ലാം നിരാശരും നിസ്സഹായരുമാണ്!

Leave a Reply

Your email address will not be published. Required fields are marked *