കളിപ്പിക്കില്ലെന്ന് മുഖത്ത് നോക്കി വയലൻഡായി പറഞ്ഞു, രക്ഷിച്ചത് അവർ രണ്ടുപേർ:പിഎസ്ജിക്കെതിരെ കിലിയൻ എംബപ്പേ!
ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ഫ്രീ ഏജന്റായി കൊണ്ടാണ് പിഎസ്ജിയോട് വിട പറഞ്ഞത്.അദ്ദേഹത്തിന്റെ കോൺട്രാക്ട് ഈ സീസണോടുകൂടി പൂർത്തിയാവുകയായിരുന്നു. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ സീസണിന്റെ തുടക്കം മുതലേ പിഎസ്ജി നടത്തിയിരുന്നു. എന്നാൽ ഈ കരാർ പുതുക്കാൻ താൻ താല്പര്യപ്പെടുന്നില്ല,ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനാണ് ഉദ്ദേശിക്കുന്നത് എന്ന കാര്യം എംബപ്പേ സീസണിന്റെ അവസാനത്തിലാണ് പിഎസ്ജിയെ അറിയിച്ചത്.ഇത് അവരുടെ പ്രസിഡണ്ട് ആയ നാസർ അൽ ഖലീഫി ഉൾപ്പെടെയുള്ളവരെ വളരെയധികം ദേഷ്യം പിടിപ്പിച്ചിരുന്നു.
അതുകൊണ്ടുതന്നെയാണ് ഫ്രഞ്ച് ലീഗിലെ പല മത്സരങ്ങളിലും എംബപ്പേയെ പുറത്തിരുത്തിയത്. ഇതേക്കുറിച്ച് ചില കാര്യങ്ങൾ എംബപ്പേ തന്നെ പറഞ്ഞിട്ടുണ്ട്. തന്നെ ബാക്കി മത്സരങ്ങളിൽ കളിപ്പിക്കില്ലെന്ന് മുഖത്ത് നോക്കി പിഎസ്ജി വയലന്റായി പറഞ്ഞു എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. പരിശീലകൻ എൻറിക്കെയും സ്പോട്ടിങ് ഡയറക്ടർ ലൂയിസ് കാമ്പോസുമാണ് തന്നെ രക്ഷിച്ചതെന്നും എംബപ്പേ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഈ സീസണിന് ശേഷം ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് ഞാൻ ക്ലബ്ബിനോട് പറഞ്ഞ സമയത്ത് ഒരല്പം വയലന്റായി കൊണ്ടാണ് അവർ എന്നോട് പ്രതികരിച്ചത്.അതോടെ ഇനി ബാക്കിയുള്ള മത്സരങ്ങളിൽ എനിക്ക് കളിക്കാൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ലൂയിസ് കാമ്പോസും എൻറിക്കെയും എന്നെ രക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.അവർ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് പിന്നീട് കളിക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെയായിരുന്നു എന്റെ ഈ വർഷത്തെ സ്വപ്നങ്ങൾ ഒരല്പം വ്യത്യസ്തമായിരുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ചുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ വരുന്ന സീസണുകൾ അങ്ങനെയാവില്ല ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
അഞ്ചുവർഷത്തെ കരാറിലാണ് അദ്ദേഹം റയൽ മാഡ്രിഡുമായി ഒപ്പു വെച്ചിട്ടുള്ളത്.പിഎസ്ജിയിൽ ലഭിച്ചിരുന്നതിനേക്കാൾ വളരെ കുറവ് സാലറിയാണ് എംബപ്പേക്ക് റയൽ മാഡ്രിഡിൽ ലഭിക്കുക. പക്ഷേ റയൽ മാഡ്രിഡിന് വേണ്ടി കളിക്കുക എന്ന എംബപ്പേയുടെ സ്വപ്നസാക്ഷാത്കാരമാണ് പൂവണിയാൻ പോകുന്നത്.