കലിപ്പാവേണ്ട സമയത്ത് കലിപ്പാവുക തന്നെ ചെയ്യും : എൻറിക്കെ

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആഴ്സണലിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിഎസ്ജി പരാജയപ്പെട്ടിരുന്നു. മത്സരത്തിനുള്ള സ്‌ക്വാഡിൽ ഫ്രഞ്ച് സൂപ്പർ താരമായ ഡെമ്പലെ ഉണ്ടായിരുന്നില്ല.അച്ചടക്കനടപടിയെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.റെന്നസിനെതിരെയുള്ള മത്സരത്തിനുശേഷം കോച്ചും ഡെമ്പലെയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. മാത്രമല്ല തൊട്ടടുത്ത ദിവസം ട്രെയിനിങ്ങിന് ഡെമ്പലെ വൈകി കൊണ്ടാണ് എത്തിയത്. ഇതോടുകൂടിയാണ് പരിശീലകനായ എൻറിക്കെ അദ്ദേഹത്തെ പുറത്താക്കിയത്.

ഇന്ന് ഫ്രഞ്ച് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ നീസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് നീസിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക. ഈ മത്സരത്തിനുള്ള സ്‌ക്വാഡിലെക്ക് ഡെമ്പലെ തിരിച്ചെത്തിയിട്ടുണ്ട്.ഇതേക്കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കലിപ്പാവേണ്ട സമയത്ത് താൻ കലിപ്പാവുക തന്നെ ചെയ്യും എന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ നേരത്തെ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ക്ലബ്ബിന്റെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ആ താരം കളിക്കാൻ തയ്യാറല്ല എന്നാണ് അതിനർത്ഥം. അതേസമയം അനുസരിക്കുകയാണെങ്കിൽ അദ്ദേഹം കളിക്കാൻ റെഡിയായി എന്നാണ് അർത്ഥം.എല്ലാ താരങ്ങൾക്കും ഇത് ബാധകമാണ്.ടഫാവേണ്ട സമയത്ത് അഥവാ കലിപ്പാവേണ്ട സമയത്ത് ഞാൻ കലിപ്പാവുക തന്നെ ചെയ്യും.ഒരു പരിശീലകൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ കൈവശമുള്ള ഏറ്റവും വലിയ കപ്പാസിറ്റിയും അത് തന്നെയാണ് “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും പ്രശ്നങ്ങൾ ഒക്കെ ഒത്തുതീർന്നതിനെ തുടർന്നാണ് ഡെമ്പലെ ഇപ്പോൾ തിരികെ എത്തുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാൻ ഡെമ്പലെക്ക് ഈ സീസണിൽ സാധിക്കുന്നുണ്ട്.4 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ലൈൻ അപ്പിൽ അദ്ദേഹം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *