കരാർ പുതുക്കിയെങ്കിലും നെയ്മർക്ക് പിറകിൽ രണ്ടാമനായി തുടർന്ന് എംബപ്പേ!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചത് ദിവസങ്ങൾക്ക് മുമ്പായിരുന്നു.2025 വരെയുള്ള പുതിയ കരാറിലാണ് അദ്ദേഹം ഒപ്പ് വെച്ചിരിക്കുന്നത്.ഈ കരാർ പുതുക്കിയത് അദ്ദേഹത്തിന്റെ മുൻ ക്ലബായ മൊണാക്കോക്കും ഗുണകരമായ ഒരു കാര്യമാണ്.

അതായത് 2017-ലായിരുന്നു കിലിയൻ എംബപ്പേ മൊണാക്കോ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് എത്തിയത്. ആ ട്രാൻസ്ഫർ ജാലകത്തിൽ തന്നെയായിരുന്നു സൂപ്പർതാരമായ നെയ്മർ ജൂനിയറെ പിഎസ്ജി സൈൻ ചെയ്തത്.222 മില്യൺ യുറോയെന്ന ലോകറെക്കോർഡ് തുകയായിരുന്നു നെയ്മർക്ക് വേണ്ടി പിഎസ്ജി ചെലവഴിച്ചിരുന്നത്.അത്കൊണ്ട് തന്നെ FFP നിയമങ്ങൾ ലംഘിക്കാതെയിരിക്കാൻ വേണ്ടി ലോൺ അടിസ്ഥാനത്തിലായിരുന്നു എംബപ്പേയെ പിഎസ്ജി സ്വന്തമാക്കിയത്.

പിന്നീട് 2018ൽ പിഎസ്ജി അദ്ദേഹത്തെ സ്ഥിരപ്പെടുത്തുകയായിരുന്നു. യഥാർത്ഥത്തിൽ അന്ന് 145 മില്യൺ യൂറോയാണ് പിഎസ്ജി മൊണാക്കോക്ക് നൽകിയിട്ടുള്ളത്.ബാക്കിയുള്ള 35 മില്യൺ യുറോ എംബപ്പേ കരാർ പുതുക്കിയാൽ മാത്രമേ മൊണാക്കോക്ക് ലഭിക്കുമായിരുന്നുള്ളൂ.

എംബപ്പേ കരാർ പുതുക്കിയതോടെ ഈ 35 മില്യൺ യുറോ മൊണാക്കോക്ക് ലഭിക്കും. അതായത് താരത്തിന്റെ ട്രാൻസ്ഫറിൽ ആകെ 180 മില്യൺ യുറോയാണ് മൊണാക്കോക്ക് ലഭിച്ചിട്ടുള്ളത്.

അതായത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സൈനിങ്‌ നെയ്മർ ജൂനിയറുടെത് തന്നെയാണ്.അതിന് പിറകിൽ രണ്ടാം സ്ഥാനത്താണ് കിലിയൻ എംബപ്പേയുടെ സൈനിങ് ഉള്ളത്. പ്രമുഖ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്.

പിഎസ്ജിക്ക് വേണ്ടി ആകെ 217 മത്സരങ്ങളാണ് എംബപ്പേ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ആകെ 171 ഗോളുകളാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *