ഒസിംഹനെ കിട്ടില്ല,മറ്റൊരു സൂപ്പർ സ്ട്രൈക്കർ പിഎസ്ജിയിലേക്ക്? ചർച്ചകൾ ആരംഭിച്ച് ക്ലബ്!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമായേക്കും. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. മധ്യനിരയിലെ മറ്റൊരു സൂപ്പർതാരമായ മാർക്കോ വെറാറ്റിയും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ടുതന്നെ ഇവരുടെ സ്ഥാനത്തേക്ക് കൂടുതൽ മികച്ച താരങ്ങളെ ക്ലബ്ബിന് ആവശ്യമുണ്ട്.

ഒരു സ്ട്രൈക്കർക്ക് വേണ്ടിയുള്ള അന്വേഷണം പിഎസ്ജി നേരത്തെ തന്നെ ആരംഭിച്ചതാണ്. രണ്ട് സൂപ്പർതാരങ്ങളെയായിരുന്നു പ്രധാനമായും പിഎസ്ജി പരിഗണിച്ചിരുന്നത്.ടോട്ടൻഹാമിന്റെ ഹാരി കെയ്ൻ, നാപ്പോളിയുടെ വിക്ടർ ഒസിംഹൻ എന്നിവരായിരുന്നു പിഎസ്ജിയുടെ ലക്ഷ്യം. എന്നാൽ ഒസിംഹനെ വിൽക്കുന്നില്ല എന്ന നിലപാട് നാപോളി ഈയിടെ എടുത്തിരുന്നു. അതുകൊണ്ടുതന്നെ പിഎസ്ജി ഇപ്പോൾ പരിഗണിക്കുന്നത് ഹാരി കെയ്നിനെയാണ്.

താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോൾ പിഎസ്ജി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതായത് പ്രാഥമിക ചർച്ചകൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിട്ടുള്ളത്. 2024 വരെ സ്പർസുമായി കരാറുള്ള താരത്തെ എത്തിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് പിഎസ്ജിയുള്ളത്. മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡും ഈ ഇംഗ്ലീഷ് സ്ട്രൈക്കർക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്.

പക്ഷേ അങ്ങനെയൊന്നും ടോട്ടൻഹാം വിട്ടുനൽകില്ല എന്ന് ഉറപ്പാണ്. 115 മില്യൺ യൂറോ താരത്തിന് വേണ്ടി ചിലവഴിക്കേണ്ടി വന്നേക്കും. അതുകൊണ്ടുതന്നെ നേരത്തെ സ്വന്തമാക്കുക എന്നത് പിഎസ്ജിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും എളുപ്പമാവില്ല. നേരത്തെ മാഞ്ചസ്റ്റർ സിറ്റി താരത്തിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചിരുന്നുവെങ്കിലും ടോട്ടൻഹാം വിട്ട് നൽകിയിരുന്നില്ല. 27 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് ഈ പ്രീമിയർ ലീഗിൽ കെയ്ൻ നേടിയിട്ടുള്ളത്.സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഹാരി കെയ്ൻ.

Leave a Reply

Your email address will not be published. Required fields are marked *