ഒരു പേടിയുമില്ല, വ്യക്തികൾക്ക് മുകളിലാണ് പിഎസ്ജി: പരിശീലകൻ എൻറിക്കെ പറയുന്നു.

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം എല്ലാ മാധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു.പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫിയെ ഇക്കാര്യം എംബപ്പേ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ട്രെയിനിങ്ങിൽ വെച്ചുകൊണ്ട് ക്ലബ്ബിലെ തന്റെ സഹതാരങ്ങളോട് എംബപ്പേ ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഏത് ക്ലബ്ബിലേക്ക് ആണ് പോകുന്നത് എന്ന കാര്യത്തിൽ ഇതുവരെ എംബപ്പേ വ്യക്തതകൾ ഒന്നും വരുത്തിയിട്ടില്ല.

ഇങ്ങനെയൊക്കെ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും പിഎസ്ജിയോ എംബപ്പേയുടെ ക്യാമ്പോ ഒഫീഷ്യലായി കൊണ്ട് ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെയും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്.എംബപ്പേ ക്ലബ്ബ് വിടുന്നു എന്ന കാര്യം സ്ഥിരീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.എന്നാൽ മറ്റു പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.എൻറിക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേയെ കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ല.ഞാൻ ഈ വിഷയം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്.ഞാൻ ഇക്കാര്യത്തിൽ ഇനി ഒന്നും പറയില്ല.എംബപ്പേയോ ക്ലബോ ഒന്നും തന്നെ ഒഫീഷ്യലായി കൊണ്ട് പറഞ്ഞിട്ടില്ലല്ലോ. ഇരു പാർട്ടികളും ഒഫീഷ്യലായി കൊണ്ട് അറിയിക്കുമ്പോൾ ഞാൻ എന്റെ അഭിപ്രായം പറയാം. ഞങ്ങൾ ഞങ്ങളുടെ വർക്ക് തുടരുക തന്നെ ചെയ്യും.ഈ ടീം എല്ലാവരെക്കാളും മുകളിലാണ്.അതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട മെസ്സേജ്. ഏതൊരു വ്യക്തിയെക്കാളും മുകളിലാണ് പിഎസ്ജി. ക്ലബ്ബിനെ ചുറ്റിപ്പറ്റി പലതും പ്രചരിക്കുന്നുണ്ട്. എന്നാൽ എനിക്ക് പേടിയോ ആശങ്കകളോ ഇല്ല “ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ കുറെ മത്സരങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കാൻ പിഎസ്ജിക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അവർ റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയിരുന്നു. നിലവിൽ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്തുള്ളത് പിഎസ്ജി തന്നെയാണ്.രണ്ടാം സ്ഥാനത്തുള്ള ടീമിനേക്കാൾ ഒരു മത്സരം കുറച്ച് കളിച്ച പിഎസ്ജിക്ക് ഇപ്പോൾതന്നെ 11 പോയിന്റിന്റെ ലീഡ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *