ഒരല്പം ആത്മാർത്ഥ കാണിക്കൂ, നെയ്മർക്ക് മുൻ പിഎസ്ജി താരത്തിന്റെ രൂക്ഷവിമർശനം!
ദിവസങ്ങൾക്ക് മുമ്പായിരുന്നു നെയ്മർ ജൂനിയർ വേൾഡ് കപ്പുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയത്. മാനസികമായ പ്രശ്നങ്ങൾ കാരണം ഒരുപക്ഷെ 2022-ലെ വേൾഡ് കപ്പ് തന്റെ അവസാന വേൾഡ് കപ്പായിരിക്കുമെന്നായിരുന്നു നെയ്മർ അറിയിച്ചിരുന്നത്. ഈയൊരു പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു.
ഏതായാലും ഇതുമായി ബന്ധപ്പെട്ട് കൊണ്ട് നെയ്മർക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തിയിരിക്കുകയാണിപ്പോൾ മുൻ പിഎസ്ജി താരമായ ജെറോം റോതൻ. ബ്രസീലിനെ സ്നേഹിക്കുന്നതിനോടൊപ്പം തന്നെ പിഎസ്ജിയോട് ഒരല്പം ആത്മാർത്ഥ കാണിക്കൂ എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
His comments have caught everybody by surprise. https://t.co/gqtXpbgC3C
— MARCA in English (@MARCAinENGLISH) October 12, 2021
” നെയ്മറുടെ പുതിയ പ്രസ്താവനകൾ പിഎസ്ജിക്ക് ഒരു വലിയ തിരിച്ചടിയാണ്.ഒരു പരുക്കൻ രീതിയിലൂടെയാണ് നെയ്മർ ഇപ്പോൾ കടന്നു പോയികൊണ്ടിരിക്കുന്നത്.ക്ലബ്ബിനോട് അദ്ദേഹം ഇപ്പോൾ ആത്മാർത്ഥ കാണിക്കുന്നില്ല.ഫോമിൽ കളിക്കുമ്പോൾ നെയ്മർ ഒരു അസാധാരണ താരമാണ്.പക്ഷേ ഇപ്പോഴത്തെ പ്രശ്നം എന്തെന്നാൽ മറ്റൊരു ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നത്. പഴയ ധൈര്യമൊന്നും നിലവിൽ നെയ്മർക്കില്ല.ബ്രസീലിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വ്യക്തമാണ്.വേൾഡ് കപ്പ് നേടാൻ അദ്ദേഹം ആഗ്രഹിക്കുന്നു.ഖത്തറിലാണ് അതിനുള്ള അവസാന അവസരം.പക്ഷേ ഇത്രയും ലെവലിൽ ഉള്ള താരമാവുമ്പോൾ ക്ലബ്ബിലും ആത്മാർത്ഥ കാണിക്കേണ്ടിയിരിക്കുന്നു.നെയ്മർ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ അഭിമുഖീകരിച്ചേ മതിയാവൂ ” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് പിഎസ്ജിക്ക് വേണ്ടി മികച്ച ഫോമിലേക്ക് ഉയരാൻ നെയ്മർക്ക് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നും നിരവധി വിമർശനങ്ങൾ നെയ്മർക്ക് കേൾക്കേണ്ടി വന്നിരുന്നു.