ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട സൂപ്പർ താരത്തെ എത്തിക്കാൻ കഴിഞ്ഞില്ല,PSG പരാജയം സമ്മതിച്ചു!
ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. പ്രധാനമായും മധ്യനിരയെയായിരുന്നു പിഎസ്ജി ശക്തിപ്പെടുത്തിയിരുന്നത്.വീട്ടിഞ്ഞ,റെനാട്ടോ സാഞ്ചസ്,ഫാബിയാൻ റൂയിസ്,കാർലോസ് സോളർ എന്നിവരെയായിരുന്നു മധ്യനിരയിലേക്ക് സ്പോർട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസ് സ്വന്തമാക്കിയിരുന്നത്.
എന്നാൽ പിഎസ്ജിയുടെ പരിശീലകന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു പ്രതിരോധനിര താരത്തെയായിരുന്നു. ഒരു സെന്റർ ബാക്കിനെ ആവശ്യമുണ്ട് എന്നുള്ളത് കഴിഞ്ഞ ദിവസം കൂടി ഗാൾട്ടിയ അറിയിച്ചിരുന്നു. ഈ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം തൊട്ടെ സെന്റർ ബാക്ക് പൊസിഷനിലേക്ക് പിഎസ്ജി ഏറ്റവും കൂടുതൽ പരിഗണിച്ചിരുന്നതും ശ്രമിച്ചിരുന്നതും ഇന്ററിന്റെ മിലാൻ സ്ക്രിനിയർക്ക് വേണ്ടിയായിരുന്നു.
എന്നാൽ ട്രാൻസ്ഫർ ജാലകം അടച്ചതോടെ താരത്തെ ലഭിക്കാനാവാതെ പിഎസ്ജി പരാജയം സമ്മതിച്ചിട്ടുണ്ട്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇന്റർ മിലാൻ പിഎസ്ജിക്ക് മുന്നിൽ വഴങ്ങാതിരിക്കുകയായിരുന്നു. 60 മില്യൺ യൂറോയുടെ ഓഫറായിരുന്നു അവസാനമായി പിഎസ്ജി ഇന്റർ മിലാന് നൽകിയിരുന്നത്.എന്നാൽ മിലാൻ അതും നിരസിക്കുകയായിരുന്നു.
— Murshid Ramankulam (@Mohamme71783726) September 2, 2022
ഇനി പിഎസ്ജി വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും. എന്തെന്നാൽ താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും.സ്ക്രിനിയർ ഇന്ററുമായി കരാർ പുതുക്കാൻ വിസമ്മതിക്കുകയാണെങ്കിൽ ഇന്ററിന് താരത്തെ ഫ്രീ ഏജന്റായി കൊണ്ട് നഷ്ടമാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ താരം കരാർ പുതുക്കുന്നില്ലെങ്കിൽ ഒരുപക്ഷേ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഇന്റർ മിലാൻ വഴങ്ങിയേക്കും.
നിലവിൽ സൂപ്പർ താരങ്ങളായ റാമോസ്,മാർക്കിഞ്ഞോസ്,കിമ്പമ്പേ എന്നിവരെ സെന്റർ ബാക്ക് പൊസിഷനിൽ ഗാൾട്ടിയർക്ക് ലഭ്യമാണ്.എന്നാൽ ഈ താരങ്ങളിൽ ആർക്കെങ്കിലും പരിക്ക് പിടിപെട്ടാലാണ് ഗാൾട്ടിയർക്ക് പ്രശ്നങ്ങൾ ഉണ്ടാവുക.