എൻഡ്രിക്ക് പിഎസ്ജിയിലേക്ക് ചേക്കേറുമോ? അവരെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് താരം.
ബ്രസീലിയൻ വണ്ടർ കിഡുകൾ എപ്പോഴും ഫുട്ബോൾ ലോകത്ത് വലിയ ഒരു ചർച്ചാ വിഷയമാണ്.ആ കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി വന്ന താരമാണ് എൻഡ്രിക്ക്. കേവലം 16 വയസ്സ് മാത്രമുള്ള ഈ താരം പാൽമിറാസിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല തകർപ്പൻ ഫോമിലുമാണ് എൻഡ്രിക്ക് കളിച്ചുകൊണ്ടിരിക്കുന്നത്.
താരത്തെ സ്വന്തമാക്കാൻ വേണ്ടി നിരവധി ക്ലബ്ബുകൾ ഇപ്പോൾ രംഗത്ത് വന്നു കഴിഞ്ഞിട്ടുണ്ട്.റയൽ മാഡ്രിഡ്,പിഎസ്ജി എന്നിവരാണ് വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.എന്നാൽ പിഎസ്ജിയെ പ്രശംസിച്ചുകൊണ്ട് താരം ഈയിടെ സംസാരിച്ചിട്ടുണ്ട്. അതായത് മെസ്സി-നെയ്മർ-എംബപ്പേ കൂട്ടുകെട്ടിന്റെ പ്രകടനം കാണുന്നത് താൻ വളരെയധികം ഇഷ്ടപ്പെടുന്ന കാര്യമാണ് എന്നാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 11, 2022
” ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരമാണ് നെയ്മർ ജൂനിയർ.പിഎസ്ജിയുടെ പ്രകടനം കാണുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. വളരെ കരുത്തനായ ഒരു താരമാണ് എംബപ്പേ. ലയണൽ മെസ്സിയും മാർക്കിഞ്ഞോസും വളരെ പ്രതിഭാധനരായ താരങ്ങളാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഇവരുടെയൊക്കെ പ്രകടനം കാണുന്നതിന് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. ഇവർ എല്ലാവരും എന്നെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു ” ഇതാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.
ഈ പ്രസ്താവനയോട് കൂടി താരം പിഎസ്ജിയുമായി കരാറിലെത്താൻ സാധ്യതയുണ്ട് എന്ന രൂപത്തിൽ പലരും വ്യാഖ്യാനിക്കുന്നുണ്ട്. ഏതായാലും 18 വയസ്സ് പൂർത്തിയായതിനു ശേഷം മാത്രമേ താരം യൂറോപ്പിലേക്ക് ചേക്കേറുകയുള്ളൂ. യൂറോപ്പിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബിനുവേണ്ടി തന്നെ അദ്ദേഹത്തിന് കളിക്കാൻ കഴിയും എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.