എല്ലാ ദിവസവും ഞാനാണ് ലോകത്തെ മികച്ച താരമെന്ന് പറയേണ്ട ആവശ്യമില്ല:എൻറിക്കെക്ക് മറുപടിയുമായി എംബപ്പേ.
ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കായിരുന്നു പിഎസ്ജി റെയിംസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേ ഹാട്രിക്ക് നേടുകയായിരുന്നു. എന്നാൽ ആ മത്സരത്തിനുശേഷം പിഎസ്ജി പരിശീലകനായ എൻറിക്കെ എംബപ്പേയുടെ കാര്യത്തിൽ ചില വിമർശനങ്ങൾ നടത്തിയിരുന്നു.എംബപ്പേയുടെ പ്രകടനത്തിൽ താൻ സന്തോഷവാനല്ലെന്നും അദ്ദേഹത്തോട് സംസാരിക്കുമെന്നുമായിരുന്നു എൻറിക്കെ പറഞ്ഞിരുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ പ്രതികരണം കിലിയൻ എംബപ്പേ രേഖപ്പെടുത്തിയിട്ടുണ്ട്.പരിശീലകന്റെ പ്രസ്താവന താൻ നല്ല നിലയിലാണ് എടുത്തത് എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. എല്ലാ ദിവസവും ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പറയുന്ന പരിശീലകനെ തനിക്ക് ആവശ്യമില്ലെന്നും എംബപ്പേ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Luis Enrique was not satisfied with Kylian Mbappe's performance despite his hattrick 😬 pic.twitter.com/JttrWoPBkG
— ESPN FC (@ESPNFC) November 13, 2023
“എൻറിക്കെ പറഞ്ഞത് ഞാൻ നല്ല രീതിയിൽ മാത്രമാണ് എടുത്തിട്ടുള്ളത്. അദ്ദേഹം വളരെ മികച്ച ഒരു പരിശീലകനാണ്. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് എന്നെ പഠിപ്പിച്ചു നൽകാനാവും എന്ന് എനിക്കുറപ്പുണ്ട്. ഒരു കരിയർ വികസിപ്പിക്കേണ്ട ഒരു ഘട്ടത്തിലാണ് ഞാനിപ്പോൾ എത്തിനിൽക്കുന്നത്. ഞങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല.എനിക്ക് ആകെ വേണ്ടത് ഫുട്ബോൾ കളിക്കുക,പുരോഗതി കൈവരിച്ച് കിരീടങ്ങൾ നേടുക എന്നതാണ്. ഞാൻ ഒരുപാട് പരിശീലകർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അവർ വിമർശിച്ചാലും മികച്ച രീതിയിൽ കളിക്കുന്നതിൽ നിന്നും എന്നെ തടഞ്ഞു നിർത്താൻ ആവില്ല. പരിശീലകന്റെ കാര്യത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. എല്ലാദിവസവും ഞാൻ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു പരിശീലകനെ എനിക്ക് ആവശ്യമില്ല ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
അതായത് ഇത്തരത്തിലുള്ള വിമർശനങ്ങൾ വേണമെന്ന് തന്നെയാണ് എംബപ്പേ വ്യക്തമാക്കുന്നത്.എംബപ്പേ ഹാട്രിക്ക് നേടിയെങ്കിലും ടീമിനെ അതിനേക്കാൾ കൂടുതൽ കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നായിരുന്നു എൻറിക്കെ പറഞ്ഞിരുന്നത്. നിലവിൽ ഫ്രഞ്ച് ദേശീയ ടീമിനോടൊപ്പമാണ് എംബപ്പേയുള്ളത്. അടുത്ത മത്സരത്തിൽ മൊണാക്കോയാണ് അവരുടെ എതിരാളികൾ.